Monday, December 28, 2015

ഒരു തണൽ



ഒരു തണൽ ഏകുമി മാമരത്തെ 
വെട്ടി അരിയും മാനുഷരേ 
വെട്ടാൻ ഉതകും ആ മഴുതൻ 
കൈപ്പിടി ആകാനും വേണം 
ഈ തരു തൻ തനു തന്നെ  

വെട്ടി നിരത്തും ഓരോ തരുവിലും 
ഒരായിരം ജീവിതം നിലകൊണ്ടിടുന്നു 
പൂവും പുഴുക്കളും അണ്ണാനും കിളികളും 
പേരറിയാത്ത പിന്നെയും ജീവികൾ 
വെട്ടുന്ന ഓരോ മരത്തിലും 
തച്ചുടക്കുന്നു നീ അവർ തൻ ജീവിതം 

തരിശായ് തീരുമീ ഭൂമിക്കു മേലെ 
നീ മാത്രമായ് തീരുന്ന നാൾ വന്നിടും 
ചുട്ടുപഴുക്കുന്ന മണ്ണിനു മേലെ 
ഒരുതരി തണലിനായ് നീ കേണിടും 
വരളുന്ന നാവിനു ദാഹ നീരിനായ് 

തിരയും ഒരിറ്റു ജീവജലത്തിനായ്  നീ 

മരമില്ല മഴയില്ല സഹജീവികളില്ലാതെ 
താങ്ങില്ല തണലില്ല തളിരുമില്ലാതെ 
പറയു നീ മർത്യ നിൻ ജീവിതമെങ്ങിനെ 
സാധ്യമീ ഭൂവിതിൽ.................

Saturday, December 26, 2015

നീ തന്ന പൊൻവസന്തം

വറ്റി വരണ്ട ഈ മരുഭൂമിയിലെക്കവൾ ഒരു കുളിർമഴയായ്‌ വന്നു. ഇല പൊഴിഞ്ഞ എന്റെ ജീവിതത്തിലേക്കവൾ ഒരു വസന്തം കൊണ്ടു തന്നു. ഒരിറ്റു ജീവജലത്തിനായ് ദാഹിച്ച  എനിക്കവൾ ഒരു മഴക്കാലം തന്നെ നല്കി.  എന്റെ ജീവിതം തന്നെ മാറിപോയി, അവളുടെ വരവോടെ.

ആരാണ് അവൾ എനിക്ക്.....  പറയാൻ വാക്കുകളില്ല......ഒന്നറിയാം..... എല്ലാം ആണ് അവൾ എനിക്ക്....... കൊഞ്ഞിക്കാൻ മകളായ്.... കളിക്കൂട്ടുകാരിയായി.... ഒത്തിരി പ്രണയിക്കാൻ പ്രണയിനി ആയി........ സങ്കടവും സന്തോഷവും പങ്കിടാൻ ജീവിപങ്കാളിയായി.......... എന്റെ ജീവന്റെ ജീവനായി.......... ജീവിതമായി........

അവൾ കൂടെ ഇല്ലാത്ത ഒരു നിമിഷം ഇനി വയ്യെനിക്ക്‌........ എന്റെ പൊന്നു.......... നീ ആണ്  ഇന്നെല്ലാം.......എന്നും എന്റെ കൂടെ ഉണ്ടാകണം.......

ഇല പൊഴിഞ്ഞൊരി ജീവിത വീഥിയിൽ 
നീ തന്ന  പൊൻവസന്തം 
മനസ്സു കുളിരാൻ  ഇനി എന്നും 
നീ നല്കിയ  പ്രണയമഴയും 
ഞാൻ അറിയാത്ത എന്നെ 
നീ അറിയുന്നു 
പറയാതെ പോലും 
അറിയുന്നു എൻ വാക്കുകൾ 
കേൾക്കാതെ  പോലും 
കേൾക്കുന്നു എൻ ഹൃദയ തുടിപ്പുകൾ  

Thursday, December 24, 2015

ഈ നിമിഷം

തിരമാലകൾ തീരത്തെ മെല്ലെ തഴുകി മറയുന്നു. തീരത്തിന്റെ ഹൃദയം വീണ്ടും കൊതിക്കുന്നു ആ തിരമാലകൾക്കായ്‌........ തീരത്തെ കരിങ്കൽ കെട്ടിനു മുകളിൽ തിരകളെ നോക്കി ഇരിക്കുമ്പോൾ എന്റെ മനസും ആശിച്ചു..... ഈ നിമിഷങ്ങൾ മായാതിരുന്നെങ്കിൽ........ ചാറ്റൽ മഴയിൽ തീരം കുളിരുന്നുണ്ടായിരുന്നു. അവൾ ഈ നെഞ്ചിൽ തല ചായ്ച്ചിരുന്നപ്പോൾ എന്റെ ഹൃദയത്തിലും ഒരു കുളിർ മഴ പെയ്യുന്നുണ്ടായിരുന്നു. സമയവും കാലവും കാത്തു നില്ക്കില്ല. എങ്കിലും ആശിച്ചുപോയി.... ഈ സന്ധ്യ മയങ്ങാതിരുന്നെങ്കിൽ....... ഈ രാവ് ഇരുളാതിരുന്നെങ്കിൽ...... ഇവൾ എന്നും ഇങ്ങനെ ഈ മാറിൽ തല  ചായ്ച്ചു അരികിൽ ഉണ്ടായിരുന്നെങ്കിലെന്നു...... പക്ഷെ സമയത്തെ എന്റെ  പ്രണയം കൊണ്ട് പിടിച്ചു നിർത്താനാവില്ലല്ലോ. പോകാൻ തുടങ്ങിയ  അവളുടെ മിഴികളിൽ ഞാൻ കണ്ടു രണ്ടു നീർത്തുള്ളികളെ...... ആ മിഴി നീരിൽ ഞാൻ അറിഞ്ഞു അവളുടെ മനസ്....... ആ പ്രണയം....... ആ വേദന..........
"എന്നിനി കാണും പ്രിയ തോഴി 
എന്നരികിൽ എന്നിനി നീ അണയും 
ഈ മാറിൽ തലചായ്ച്ചുറങ്ങാൻ 
കാത്തിരിപ്പു നിനക്കായ്‌ 
ഇനിയും ജന്മങ്ങളോളം "

Friday, December 18, 2015

പുതിയോരുദയം

മിഴികളിൽ ഉതിരുന്ന നീർകണങ്ങൾ 
ഉരുകുന്ന മനസിന്റെ മണിമുത്തുകൾ 
അടർന്നിന്നു വീണിട്ടും 
അറിയാതെ പോയതെന്ത്യേ .........

മനസ്സിൽ വിടരുന്ന 
നിറമുള്ളോരോർമകൾ 
ഒരു നിഴലായ് മറഞ്ഞങ്ങു പോയിട്ടും 
വിതുമ്പാതെ നിൽക്കുന്നു ഹൃദയം 

വിടർന്നിടുന്ന സ്വപ്ന മുകുളങ്ങളെല്ലാം 
ഇതളുകൾ മെല്ലെ അടർത്തിടുമ്പോഴും  
കാണുന്നു ദൂരെ എവിടെയോ 
ഒരു പ്രതീക്ഷതൻ തിരിനാളം 

ഇരുളും രാവിനും അപ്പുറം 
പുതിയൊരു സൂര്യോദയത്തിനായ് 
ഒരു പുത്തനുണർവിനായ് 
കാത്തിരിക്കാം ..........
 ഇനിയൊരു നാളേക്കായ് .......

നിന്റെ മാത്രം

ഒരു പ്രണയത്തിൻ നൂലിഴയിൽ 
കോർത്തു വച്ചു നിന്നെ എൻ ഹൃത്തിൽ 
താലിയിൽ കോർത്ത് നീ ആ 
പ്രണയത്തെ നിന്റെതാക്കി 
ആ പ്രണയ പൂങ്കാവനത്തിൽ  
പനിനീർ പൂക്കൾ പോൽ രണ്ടു 
കുഞ്ഞിളം തളിരുകൾ നല്കി നീ 
ധന്യമാക്കി ഇന്നെൻ ജീവിതം 
അറിയുക എൻ പ്രാണനാഥ 
അറിയുന്നു ഞാനിന്നു 
നിൻ പ്രണയമില്ലെങ്കിൽ, കരുതലില്ലെങ്കിൽ 
നിൻ കരളാലനയില്ലെങ്കിൽ, ഞാനില്ലയെന്നു 
കാലമെത്ര പോയ്മറഞ്ഞാലും 
ജന്മമെത്ര എടുത്താലും 
നിന്റെ നെഞ്ചിലെ ചൂടേറ്റു 
നിന്റെ മാത്രമായ് തീരണം 
എന്നും എന്നും എന്നും 

Friday, November 27, 2015

ഉരുകുന്നു സുന്ദരമീ ഭൂമിയും

ദൂരെ ചക്രവാളത്തിൽ മറയുന്ന സൂര്യൻ 
പാറി പറന്നിടുന്നു കിളികൾ 
ഇനിയും വരാത്തൊരു രാവിനു കൂട്ടായ് 
നിറ ചന്ദ്രിക മാനത്ത് വിടരുന്നു 
              ഒരു കുളിർ ചാറ്റലും കുഞ്ഞിളം കാറ്റും 
              നിലാവിൻ കുളിർമയും മൂടുന്നു ഭൂമിയെ  
              എത്ര സുന്ദരം ഈ ഓർമകൾ 
              ഇനിയും കാണാൻ കൊതിക്കുന്നുവൊ 
ഇരുളിൽ മറഞ്ഞു പൊയിന്നെൻ സൂര്യനും 
കാണാതെങ്ങൊ പറന്നകന്നോരാ കിളികളും 
രാവിൽ തെളിയാതെ മറയുന്ന ചന്ദ്രനും 
കാറ്റില്ല കുളിരില്ല കുളിരും നിലാവില്ല 
           മിഴിയിലൂറുന്ന കണ്ണീരിൻ ചൂടിനാൽ 
           ഉരുകുന്നു സുന്ദരമീ ഭൂമിയും  

Thursday, November 19, 2015

മിഴിനീർ

ആകാശ നീലിമയെ കാർമേഘം മെല്ലെ മറച്ചിടുമ്പോൾ 
ഒരു നനുത്ത മഴയായ്  ആ വേദന പെയ്തിറങ്ങുന്നുവോ
എൻ ഹൃത്തിൽ നിൻ വിരഹമേഘം മൂടിടുമ്പോൾ
ഒരു മിഴിനീർ കണമായ് ആ കനവും പൊഴിഞ്ഞീടുന്നുവോ

Friday, October 9, 2015

നിള


കേരളനാടിന്റെ അഭിമാനമായ നദി 
ഭാരതപുഴയെന്നു പേരായൊരു 
നിളയെന്നോരോമന പേരിട്ടു വിളിച്ചോരാ 
നിറ കവിഞ്ഞുള്ളൊരു പുണ്യ നദി 

        വേനലും വർഷവും നിളയിലൂടെ 
        കളിവള്ളം ഒഴുക്കി കളിച്ച നാളും 
        കാലിട്ടടിച്ചതും നീന്തൽ പഠിച്ചതും 
        മുങ്ങികുളിച്ചതും ഓർമ്മകൾ മാത്രം 

ബാല്യത്തിൽ ഞാൻ കണ്ട നിയല്ല ഇന്നു-
മുന്നിലായ് ഒഴുകുന്ന ചാലുകളൊന്നും 
മാനവ സ്വാർത്ഥത മരണത്തിലാഴ്ത്തിയ 
മണ്ണിൻ കുളിര്മയാമെൻ ജലാശമേ 

       വികസനമെന്നൊരു വാക്കിനെ തുടർന്നവൻ 
       വികൃതമാക്കീടുന്നു പ്രകൃതിയെ മൊത്തം 
       മണ്ണിൽ വളർന്നൊരാ മനുഷ്യനിന്നിതാ 
       ആ മണ്ണിനെ വില്പനയാക്കിടുന്നു 

പുഴയുടെ ഹൃത്തിൽ നിന്നുനീയൂറ്റിടുന്ന 
മണലിനാൽ തീർക്കുന്ന സൗധമൊന്നും 
പുഴയില്ല മരമില്ല മണ്ണില്ലയെങ്കിൽ 
നിൽക്കില്ല ഈ ഭൂവിൽ ഒരുകാലവും 

      വറ്റിവരളുന്ന നിളയെ നീ  കണ്ടുവോ 
      നിറയാൻ കൊതിക്കുന്ന നിറമിഴിയോടിന്നു 
      നിൻ കണ്ണുനീരിനു പോലുമിന്നവളെ 
      നിറക്കുവാനാവില്ല ഓർക്കുക നീ 

ഈ ലോക നന്മക്കായ് ഈ മണ്ണിൻ രക്ഷക്കായ്‌ 
ഇനിയൊരു പുഴയും മരിക്കാതിരിക്കാൻ 
എത്രയോ പിതൃബലി അർപ്പിച്ചോരീ തീരത്ത് 
അർപ്പിക്കുന്നിതാ നിളയ്ക്കായൊരു ബലി 

മരണം.........

മരണം മഞ്ഞുപോലെയാണ്..........കുളിരുള്ള ഒരു നനുത്ത സ്പര്ശം....... 
ഒരു വെളുത്ത മുത്തുമണി നിമിഷനേരം കൊണ്ട് അലിഞ്ഞില്ലാതാകുന്ന പോലെ .......
ഇല്ലാതാകുന്ന ഹൃദയത്തുടിപ്പ്‌..................
ചക്രവാളത്തിലേക്ക് പറന്നകലുന്ന പക്ഷിയെ പോലെ............
തണുത്ത ലോകത്തേക്ക് പറന്നകലുന്ന ജീവൻ.............
എത്ര സുന്ദരം.......... എല്ലാ വേദനകളും ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു.............. 
സങ്കടങ്ങൾ  ഇല്ലാത്ത........ വേദനകൾ ഇല്ലാത്ത............ ഒരു ലോകം........

Thursday, October 8, 2015

മഴ

അവനു  പ്രണയം ...മഴയോടയിരുന്നു..
ഞാനും മഴയെ പ്രണയിച്ചു തുടങ്ങി.....
അവന്റെ പ്രണയത്തിനായി .........

എങ്കിലും ഞാൻ പ്രണയിക്കുന്നു..........


നീ മറന്നു എനിക്കും ഒരു മനസുണ്ടെന്ന് 

നീ അറിഞ്ഞില്ല ആ മനസിന്റെ കൊച്ചു കൊച്ചു സ്വപ്നങ്ങളെ 
നിന്റെ സന്തോഷത്തിനായ്  ഞാൻ നിലകൊണ്ടപ്പോൾ അത് നിന്റെ അധികാരമായി നീ കണ്ടു 
അതിലെ എന്റെ സ്നേഹത്തെ നീ കണ്ടില്ല 
ഉയരുന്ന എന്റെ ശബ്ദത്തെ അഹങ്കരമെന്നു നീ വിളിച്ചപ്പോ  
നീ കേട്ടില്ല എന്റെ സ്വപ്നങ്ങളുടെ തേങ്ങൽ 
എന്റെ കണ്ണുനീരിനെ  നീ പുച്ഛത്തോടെ  നോക്കിയപ്പോ 
നീ കണ്ടില്ല എന്റെ ഹൃദയത്തിലെ ചോരചാലുകളെ 
ഇരുളിൽ നിനക്കായ്‌ എന്റെ ചൂട് പകർന്നു നല്കിയപ്പോഴും 
നീ അറിഞ്ഞില്ല എൻ മനം ഉരുകുന്നത് 
എന്റെ മോഹ പക്ഷികൾ മുറിവേറ്റു പിടഞ്ഞപ്പോഴും 
ഒരു സ്നേഹ തലോടൽ പോലും നീ ഏകിയില്ല 

ഞാനും ഒരു മനുഷ്യ ജീവിയാണെന്ന് നിനക്കറിയാഞ്ഞല്ല 
മനുഷ്യത്വത്തെക്കാൾ മേലെയാണ് പുരുഷത്വമെന്നു മുന്നേ നീ ഉറച്ചുപോയ് 

എങ്കിലും എൻ ഹൃദയ മുറിപ്പാടിൽ നിന്നുതിര്ന്നു വീഴുന്ന മഞ്ചാടി മണികളാൽ എഴുതാം ഞാൻ ഒന്ന് മാത്രം 
........ പ്രണയിക്കുന്നു ഞാൻ നിന്നെ ഇന്നും ...... എന്നും ......എന്നും ........

Wednesday, October 7, 2015

എന്റെ ആമ്പൽപൂവിന്

നീ എനിക്ക് ആരാണ് ....... 
.നാട്ടുകാരി ...... കൂട്ടുകാരി .... സഹോദരി ..... മകൾ .....
അറിയില്ല..... എനിക്കറിയില്ല....
ഒന്നറിയാം ..... നീ എന്റെ എല്ലാം ആണ്........
എന്റെ പ്രിയ തോഴി .......... 
തല്ലുപിടിക്കാൻ .......വഴക്ക് പറയാൻ ........ 
സ്നേഹിക്കാൻ ...... കളിയാക്കാൻ...... 
കൊഞ്ഞിക്കാൻ........ വേണം നീ എനിക്ക് .....
എന്നും എന്റെ കൂടെ.........
ഈ മഴത്തുള്ളിയുടെ ആമ്പൽ പൂവായി ........

നിന്റെ സ്വന്തം മഴത്തുള്ളി .....

മൗനപ്രണയം


മഴ മേഘമേ  നീ അറിയുന്നുവോ 
നിന്നെ തഴുകുന്ന കാറ്റിന്റെ ഹൃദയം 
അവനൊന്നു തൊട്ടാൽ ഓടി മറയും 
മലകൾക്കിടയിൽ നീ പോയ്‌ മറയും 
പ്രിയനോടുള്ള പരിഭവമോ ഇത് 
പറയാതെ പറയുന്ന പ്രണയമാണോ 
പറയു നീ എൻ വാർമെഘമെ 
എന്ത്യേ ഇന്നും മൗനം .........

Tuesday, October 6, 2015

ഇഷ്ടം


മഴ പെയ്യുന്ന രാവിൽ ജാലകത്തിനു ചാരെ സ്വപ്നം കണ്ടിരിക്കാൻ...............
പൂക്കളിൽ പാറുന്ന തുമ്പിക്ക് പിന്നാലെ പായാൻ.............
ചക്കരമാവിൻ കൊമ്പത്ത് ഒരു കൊച്ചു കല്ലൊന്നെറിയാൻ...............
എന്റെ കണ്ണനെ സ്വപ്നം കണ്ടുറങ്ങാൻ.............
മുറ്റത്തെ പുളിമര കൊമ്പിലെ കുയിലിന്റെ പാട്ടിനു എതിർ പാട്ട് പാടാൻ..............
എന്റെ കാറ്റിനോടും ആമ്പൽപൂവിനോടും കൂട്ടുകൂടാൻ............
ഇടവഴിയിൽ, ചാറ്റൽ മഴയിൽ അവന്റെ പ്രണയത്തിനു കൂട്ടിരിക്കാൻ...........
അവന്റെ കുസൃതിയും സ്നേഹവും മനസ് നിറയെ ആവാഹിക്കാൻ........
അവനു വേണ്ടി ഈ ജന്മം മുഴുവൻ കാത്തിരിക്കാൻ.............
ഇഷ്ടമാണെനിക്ക് ......... അത്രമേൽ ഇഷ്ടമാണെനിക്ക്...........

ബാല്യം


സ്വപ്‌നങ്ങൾ തൻ തോണിയിലേറി 
 പോകാം നമുക്കൊരു യാത്ര 
 ദൂരെ വിദൂരമാം ഭാവിയിലേക്കല്ല 
 പൊഴിഞ്ഞു പോയോരാ ബാല്യത്തിലേക്ക് 


 തൊടിയിലെ തുമ്പയും മുക്കൂറ്റിയും 
 കൊഞ്ചി കളിപ്പിച്ച കാലം 
 തോട്ടിലെ പരലിനെ 
 പാവാട തുമ്പാൽ കൊരിയെടുത്തൊരു കാലം 

ചക്കര മാവിന്റെ തുമ്പത്തെ മാങ്ങക്കായ്‌ 
കല്ലോന്നെടുത്തെറിഞ്ഞതും 
ചാറ്റൽ മഴയത്ത് ഇടവഴിയോരത്ത് 
കാറ്റിനോടൊപ്പം ഓടിനടന്നതും 


ഓണത്തിനൊന്നിച്ചു പൂക്കളം തീർക്കുവാൻ 
പൂവുകൾ തേടി നടന്ന കാലം 
പാടത്തെ ചേറിൽ പാവടതുംബിനാൽ 
ചിത്രങ്ങൾ ഓരോന്നു തീർത്ത കാലം 

കള്ളങ്ങൾ ഇല്ലാത്ത കാപട്യമില്ലാത്ത 
കരളു നിറഞ്ഞു സ്നേഹിച്ച കാലം 
ഇന്നലെ പോയ്‌ മറഞ്ഞൊരു 
എത്രയോ സുന്ദര സ്വപ്ന കാലം 


വീണ്ടും വരാനായ് വെറുതെ കൊതിക്കുന്ന 
ഇനി വരാത്തോരെൻ ബാല്യകാലം........