Friday, October 9, 2015

നിള


കേരളനാടിന്റെ അഭിമാനമായ നദി 
ഭാരതപുഴയെന്നു പേരായൊരു 
നിളയെന്നോരോമന പേരിട്ടു വിളിച്ചോരാ 
നിറ കവിഞ്ഞുള്ളൊരു പുണ്യ നദി 

        വേനലും വർഷവും നിളയിലൂടെ 
        കളിവള്ളം ഒഴുക്കി കളിച്ച നാളും 
        കാലിട്ടടിച്ചതും നീന്തൽ പഠിച്ചതും 
        മുങ്ങികുളിച്ചതും ഓർമ്മകൾ മാത്രം 

ബാല്യത്തിൽ ഞാൻ കണ്ട നിയല്ല ഇന്നു-
മുന്നിലായ് ഒഴുകുന്ന ചാലുകളൊന്നും 
മാനവ സ്വാർത്ഥത മരണത്തിലാഴ്ത്തിയ 
മണ്ണിൻ കുളിര്മയാമെൻ ജലാശമേ 

       വികസനമെന്നൊരു വാക്കിനെ തുടർന്നവൻ 
       വികൃതമാക്കീടുന്നു പ്രകൃതിയെ മൊത്തം 
       മണ്ണിൽ വളർന്നൊരാ മനുഷ്യനിന്നിതാ 
       ആ മണ്ണിനെ വില്പനയാക്കിടുന്നു 

പുഴയുടെ ഹൃത്തിൽ നിന്നുനീയൂറ്റിടുന്ന 
മണലിനാൽ തീർക്കുന്ന സൗധമൊന്നും 
പുഴയില്ല മരമില്ല മണ്ണില്ലയെങ്കിൽ 
നിൽക്കില്ല ഈ ഭൂവിൽ ഒരുകാലവും 

      വറ്റിവരളുന്ന നിളയെ നീ  കണ്ടുവോ 
      നിറയാൻ കൊതിക്കുന്ന നിറമിഴിയോടിന്നു 
      നിൻ കണ്ണുനീരിനു പോലുമിന്നവളെ 
      നിറക്കുവാനാവില്ല ഓർക്കുക നീ 

ഈ ലോക നന്മക്കായ് ഈ മണ്ണിൻ രക്ഷക്കായ്‌ 
ഇനിയൊരു പുഴയും മരിക്കാതിരിക്കാൻ 
എത്രയോ പിതൃബലി അർപ്പിച്ചോരീ തീരത്ത് 
അർപ്പിക്കുന്നിതാ നിളയ്ക്കായൊരു ബലി 

No comments:

Post a Comment