Wednesday, October 19, 2022

വഴിയോരകാഴ്ച

നഗരത്തിരക്കിന്റെ പാതയോരത്ത് പതിവായി കാണും പെൺകിടാവ്
 പഴകിയ പട്ട് ചേലചുറ്റി അഴകുള്ള കുപ്പിവളയണിഞ്ഞ്
 തോളത്ത് ചേർക്കുന്ന കമ്പിൽ കുരുത്തിട്ട്
പല പല നിറമുള്ള പന്തുമായി
ഒരു ചാൺവയറിൻ അന്നത്തിനായി
വിലപേശി മെല്ലെ നീങ്ങിടുന്നു
പൊള്ളുന്ന വെയിലിനും പെയ്യുന്ന മാരിക്കും അവളെ തളർത്താനാവതില്ല അതിലേറെ ആഴിയും അതിലേറെ മാരിയും പണ്ടേ അവൾ കണ്ടതായിരിക്കാം
 തിളങ്ങും മിഴികളിൽ നിറഞ്ഞതെന്തേ വറ്റിയ കണ്ണുനീർത്തുള്ളികളോ കണ്ടുമടുത്ത കിനാവുളോ അണയാത്ത ജീവിത കനലുകളോ
 ഒരു ദിനം അവൾ തൻ അരികിലെത്തി
നിറമുള്ള പന്തിൽ നിന്നൊന്നു വാങ്ങി
പണം നൽകി കൂടൊരു പുഞ്ചിരിയും
അന്തിച്ചു നിന്നവൾ ഒരു നിമിഷം
 പിന്നെ പതിയെ വിടർന്ന് ചുണ്ടിൽ കളങ്കമില്ലാത്തൊരു പുഞ്ചിരിപ്പൂവ്
 മെല്ലെ നടന്നു മറഞ്ഞവൾ ദൂരെ
നിറമുള്ളോരായിരം സ്വപ്നവുമായി
 നഗരത്തിരക്കിന്റെ പാതക്കരുകിലായി പതിവായി പിന്നെയും കാണുന്നവളെ
 പഴകിയ ജീവിത വ്യഥക്കൾക്കറുതിയായി
 നിറമുള്ള സ്വപ്നങ്ങൾ നെയ്തെടുക്കാൻ വിലപേശി പിന്നെയും നീങ്ങിടുന്നു അന്ത്യമില്ലാത്തൊരു യാത്ര പോലെ.

Tuesday, August 2, 2022

രാമചരിതമിതു രാമായണം

രാമന്റെ കഥയിത് രാമായണം
 വാത്മീകി രചിതമിതു രാമചരിതം
 കാട്ടാളനൊരുനാൾ ജ്ഞാനിയായതോ
 രാമനാമജപ തപസ്യയാൽ
 വാൽമീകം പിളർന്നു പുതു ജന്മമായ്
രാമനാമം പുകഴ്ത്തി പാടുവാൻ

 ദശരഥ പുത്രനായ് അയോധ്യാ രാജ്യത്തിങ്കൽ
 കൗസല്യാത്മജ ജന്മം പുണ്യമായ്
 കൈകേയീ സുമിത്രാ മാതൃവാത്സല്യമൂറി
 ലക്ഷ്മണ ഭരത ശത്രുഘ്ന സാഹോദര്യ സൗഹൃദ ബാല്യം
 ഗുരുകുലവാസം അസ്ത്രശാസ്ത്രാഭ്യാസം കൗമാരം
 വിശ്വാമിത്ര യാഗ രക്ഷാർത്ഥം ഗമനം
 അഹല്യാ മോക്ഷം താടകാ വധം
 ജനകപുത്രി ജാനകി പരിണയം ശാന്തമാം ജീവിതം കാലം കഴിയവേ
 ദശരഥൻ അരുളി രാമനോടായ് ഇനിയീ
അയോധ്യ നാഥനായി മാറുക കുമാര..
 രാജഭരണമായി വാണാൽ എങ്ങിനെ സാധ്യം 
രാവണാസുര നിഗ്രഹം രാമനാൽ
ആശങ്കയാല്‍ ദേവഗണം അശാന്തമായി മാറവേ
 ദേവി സരസ്വതി വികടമായി വിളയാടി മന്ഥര തൻ നാവിൻമേൽ
 ഫലമോ വരമായി നേടി കൈകേയി
തൻപുത്രൻ ഭരതനു രാജ്യവും കൗസല്യാ തനയനു പതിനാലാണ്ട് കാനനവാസവും
 ക്രുദ്ധനാം ലക്ഷ്മണനെ ശാന്തമാക്കി
പിതൃവാക്ക് നിറവേറ്റീടുവാൻ പുറപ്പെട്ടു
 രാമനോ വനവീഥിയിലേക്ക് അനുഗമിച്ചീടുന്നു നല്ല പാതിയാം സീതയും
സഹോദര സ്നേഹത്താൽ ലക്ഷ്മണനും
ഇഹലോകം വെടിഞ്ഞു അയോധ്യാ രാജനും പുത്രവിയോഗത്താൽ
രാമപാഥുകങ്ങൾ പ്രതീകമാക്കി ഭരിച്ചു രാജ്യം ഭരതനും
പതിനാലു വർഷങ്ങൾ വനവാസ നാളുകൾ
ആശ്രമ ജീവിതം നിമിത്തങ്ങൾ നിയോഗങ്ങൾ
രാവണസോദരീ ശൂർപ്പണകതൻ അവയവ ഛേദം
വൈരാഗ്യമുളവാർന്നു ലങ്കാ രാജനിൽ
മാരീചമായയാൽ രാമലക്ഷ്മണന്മാരെയകറ്റി
മുനിരൂപം പൂണ്ടെത്തി ലക്ഷ്മണരേഖയും കടത്തി
സീതാപഹരണം.. പുഷ്പക വിമാനത്തിലേറ്റി
അശോകവനിയിൽ തടവിലാക്കി ദേവിയാം സീതയെ...
തൻപാതിയെ തേടിയലഞ്ഞു ശ്രീരാമനും
വഴിയിലായ് രാവണചന്ദ്രഹാസത്താൽ ചിറകറ്റ് ജടായുവും
കണ്ടുമുട്ടി ഹനുമാനും ഏവം സുഗ്രീവനും
സഖ്യം ചേർന്നവർ അനന്തരം ബാലീ വധവും
കടൽ ചാടി വായുപുത്രൻ ലങ്കതന്നിലായ് ചെന്നു
സീതക്കായ് രാമസന്ദേശമാം അംഗുലീയവും നൽകി
അടയാള വാക്യം ചൊല്ലി ചൂടാമണിയുമായ്
പോരും മുന്നേ ലങ്കാ ദഹനവും നടത്തി
വാനരപടയുമായ് രാമൻ പണിതു സേതുബന്ധനം
യുദ്ധം ഫലം രാമജന്മ നിയോഗം രാവണ നിഗ്രഹം
സീതാ സമേതം അയോധ്യാ രാജനായ് വാണിടും നാൾ
ആരോ ചൊല്ലിയ വാക്കിനാൽ ത്യജിച്ചു
കാനന നടുവിൽ... ഉദരത്തിൽ തൻ കുഞ്ഞിനെ പേറും വൈദേഹിയെ
തൻ തൂലിക തുമ്പിൽ നിന്നിറങ്ങി വന്ന
ഭൂമീപുത്രിക്കായ് അഭയമേകി മഹർഷി തൻ
ആശ്രമത്തിങ്കൽ വാൽസ്യമോടെ
സ്നേഹ പരിചരണങ്ങളാൽ പിറന്നു രണ്ടരുമ കുഞ്ഞുങ്ങൾ
കാലം കഴിയവേ ലവകുശ കുമാരന്മാർ വീരരായ് വളർന്നു അതിവേഗം
പിതാവിന്റേതെന്നറിയാതെ  കെട്ടിയിട്ടവർ
അശ്വത്തെ തടഞ്ഞു അശ്വമേധവും
ഏറ്റുമുട്ടി വീര്യമോടെ ലക്ഷ്മണ കുമാരനോടും
വീരരാം ബാലകന്മാരെ കാണാനാശിച്ചു
ശ്രീരാമചന്ദ്രൻ ആളയച്ചു വാത്മീകി ആശ്രമം തന്നിൽ
യാഗത്തിൽ വാമ ഭാഗമാകും കാഞ്ചന സീതയെ കാണാനായി
 യാത്രയായി അയോധ്യയിലേക്കവർ ലവകുശ കുമാരൻമാർ
 രാമചരിതം പാടിയെത്തി കൊട്ടാരത്തിലവർ
 തിരിച്ചറിഞ്ഞു തൻ പുത്രന്മാരെ രാജൻ ശ്രീരാമദേവൻ
തേടിയെത്തി സീതാദേവിയെ കാനനടുവിൽ ആശ്രമാങ്കണത്തിൽ
 അഗ്നിശുദ്ധിയിലും ത്യജിക്കപ്പെട്ട തനിക്കിനി
 അഭയം ഒന്നുമാത്രം എന്നുറച്ചുവൈദേഹി
 ഭൂപിളർന്നവൾ മറഞ്ഞു തന്മാതാവിൻ ഹൃദയത്തിനുള്ളിൽ
 തൻ പുത്രന്മാരോടൊപ്പം കാലം കഴിച്ചു രാമൻ
 അനന്തരം രാജ്യം അവർക്കായി നൽകി
സരയൂ നദിയിലായ് ജലസമാധിയുമായ്..
 രാമായണം രാമചരിതം അവതാര പൂർണ്ണം ഇതി രാമകഥാന്ത്യം...
..........

പൂ പറിക്കാൻ പോരുന്നോ...

അമ്മ വീട്ടിൽ ആയിരുന്നു എന്റെ ബാല്യം. കൊച്ചിയിലെ പള്ളുരുത്തി. അമ്മയുടെ അമ്മയും അച്ഛനും, ചിറ്റമാരും അമ്മാവനും അമ്മായിയും ഒക്കെ ഉള്ള കൂട്ടുകുടുംബം. തൊട്ടടുത്ത് ഒരേ പറമ്പിൽ അമ്മയുടെ വല്യച്ഛന്റെ വീടും ഉണ്ടായിരുന്നു. അവിടെ അമ്മാവന് മൂന്ന് മക്കൾ ആണ്. രണ്ടു ചേച്ചിമാരും ചേട്ടനും. നാല് അഞ്ചു വയസിനു മൂത്തതാണെങ്കിലും ചേട്ടൻ ആയിരുന്നു എന്റെ കളികൂട്ടുകാരൻ.
അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയം. ഓണാവധിക്കാലം. എല്ലാ അവധിക്കും അച്ഛൻ വരും. വീട്ടിലേക്ക് കൊണ്ടുപോകാൻ.
അച്ഛന്റേം അമ്മേടേം ഏട്ടന്റേം കൂടെ ഓണം ആഘോഷിക്കാൻ. ഓണപരീക്ഷ കഴിഞ്ഞു അച്ഛന്റെ വരവും കാത്തിരിക്കുന്ന ഒരു ദിവസം. ഉച്ച ഊണ് കഴിഞ്ഞു എല്ലാരും ചെറിയ മയക്കത്തിലാണ്. ചിത്ര കഥയും വായിച്ചിരുന്ന എന്നെ കുട്ടാപ്പൂ ചേട്ടൻ വന്ന് വിളിച്ചു.
"എടി നമുക്കു പൂ പറിക്കാൻ പോയാലോ. നാളത്തേക്ക് പൂവിടാൻ പൂവില്ല."
"എവിടെ പോകും പൂ പറിക്കാൻ."
"ചുമ്മാ കറങ്ങീട്ടു വരാം. നീ വാ."
"ചിറ്റയോട് പറയണ്ടേ?"
"പറഞ്ഞാൽ ചിലപ്പോ വിട്ടില്ലെങ്കിലോ"
അങ്ങനെ ആരോടും പറയാതെ കുട്ടാപ്പു ചേട്ടന്റെ കൂടെ പൂ പറിക്കാൻ ഇറങ്ങി പുറപ്പെട്ടു.
പൂ അന്വേഷിച്ചു നടന്ന് ഞങ്ങൾ പഷ്ണിത്തോട് പാലത്തിൽ എത്തി.. പാലം ഇറങ്ങി നടക്കുമ്പോൾ ആണ് ഒരു പറമ്പിൽ ശതാവരി നില്കുന്നത് കണ്ടത്. അതിന്റെ മുള്ളുപോലെയുള്ള പച്ച ഇലകൾ പൂക്കളത്തിന് ഭംഗി കൂട്ടും.
ഞങ്ങൾ ശതാവരി പറിച്ചു കൊണ്ടിരിക്കുമ്പോൾ പിന്നിന്നു ഒരു ശബ്ദം.
"ആരാടാ ഇവിടെ കേറി പറിക്കുന്നെ. ഇത് ഞങ്ങടെ സ്ഥലം ആണ്. ഇവിടെന്ന് പറിക്കാൻ പറ്റില്ല." അവിടെ ഉള്ള ഏതോ ഒരു പയ്യൻ ആയിരുന്നു അത്.
ചേട്ടൻ അത് കേട്ട ഭാഗം നടിച്ചില്ല. അവൻ ദേഷ്യപെടാൻ തുടങ്ങി. ചേട്ടനെ പിടിച്ചു മാറ്റാൻ നോക്കി.
ചേട്ടൻ അവനെ പിടിച്ചു ഒരു തള്ള് കൊടുത്തു.
"ഞാൻ ആരാണെന്നു കാണിച്ചു തരാം." ഇതും പറഞ്ഞു അവൻ പോയി. "അവൻ ആരേലും കൂട്ടി വരും മുന്നേ നമുക്ക് പോവാം"
ഞങ്ങൾ വേഗം അവിടുന്ന് പോയി.
അങ്ങനെ നടന്ന് ചെമ്മീൻ കമ്പനിയുടെ അടുത്തെത്തി. അവിടെ കായൽ കൈവഴിയിൽ കുറെ വെളുത്ത വസ്തുക്കൾ.
"ഇതെന്താ ചേട്ടാ"
"അത് കണവ നക്കാണ് "
ഞാൻ അത് ആദ്യമായിട്ടാണ് കാണുന്നത്.
ഞങ്ങൾ പിന്നെയും നടന്ന്.. കുളത്തിന് ആമ്പലൊക്കെ പറിച്ചു ഇടവഴികളീന്നും വീട്ടുമുറ്റത്തുന്നു വീട്ടുകാർ അറിയാതെയും ഒക്കെ പൂക്കൾ പറിച്ചു പതുക്കെ വീടെത്തി.
വീടിനു മുന്നിൽ ഒരാൾക്കൂട്ടം. ഇതെന്താ സംഭവം. ഞങ്ങൾക്ക് മനസിലായില്ല.
ഞങ്ങളെ കണ്ടതും ചിറ്റ ഓടിവന്നു കെട്ടിപിടിച്ചു ഒറ്റ കരച്ചിൽ.
അമ്മായിടെ ചോദ്യം ചെയ്യൽ ആയിരുന്നു അടുത്തത്. എവിടെ പോയി, ആരോട് പറഞ്ഞിട്ടാ പോയെ.
ചേട്ടനിട്ട് രണ്ടു തല്ലും കിട്ടി.
അപ്പോഴും സംഭവത്തിന്റെ ഗൗരവം മനസിലായില്ല.
അപ്പോഴാണ് അവിടെ നില്കുന്ന അച്ഛനെ കണ്ടത്.
പതുക്കെ സംഭവങ്ങൾ മനസിലായി.
ഞങ്ങൾ പൂ പറിക്കാൻ പോയ സമയത്താണ് അച്ഛൻ എന്നെ കൊണ്ടുപോകാൻ എത്തീതു.
എന്നെ കാണാതെ അവരെല്ലാരും പേടിച്ചു. ആരോ എന്നെ പിടിച്ചോണ്ട് പോയി എന്ന് പേടിച്ചു. തിരയാൻ ആളെ വിടാൻ നിൽകുമ്പോഴാ ഇതൊന്നും അറിയാതെ ഞങ്ങടെ വരവ്.
ഓണക്കാല ഓർമകളിൽ ഇതും മായാത്ത ചിത്രമാണ്.

Monday, March 21, 2022

കുരുവി ദിനം


രാവിലെ 5 മണി... അലാറം അടിച്ചുകൊണ്ടേയിരുന്നു.  പുതപ്പിനിടയിൽ നിന്നും കൈ നീണ്ടു വന്നു. അലാറം ഓഫ് ചെയ്ത് മീര വീണ്ടും പുതപ്പിനടിയിലേക്കു ഊളിയിട്ടു.

"അവധി ദിവസം അല്ലേ.  കുറച്ചു നേരം കൂടി ഉറങ്ങാം."

പെട്ടെന്നാണ് കാളിങ് ബെൽ ശബ്ദം പോലെ ഒന്ന് അവൾ കേട്ടത്. "ആരാണാവോ ഇത്ര രാവിലെ".

ഉറക്കം നഷ്ടമായതിൻ സങ്കടത്തോടെ അവൾ എഴുന്നേറ്റു.  ഹാളിൽ എത്തിയപ്പോൾ മനസിലായി അത് കാളിങ് ബെൽ അല്ല. ബാൽക്കണി ആണ് ശബ്ദത്തിന്റെ ഉറവിടം. കിളികുഞ്ഞിന്റെ കരച്ചിൽ.  ബാൽക്കണിയിൽ പോയി നോക്കിയ അവൾക്കു ഒന്നും തന്നെ കാണാൻ കഴിഞ്ഞില്ല.  പടർന്നു കിടക്കുന്ന ചെടികൾക്കിടയിൽ നിന്നും അത് പിന്നെയും കേട്ടുകൊണ്ടേയിരുന്നു.

മീര തന്നെ ജോലികളിലേക്ക് കടന്നു.. ഉച്ചക്ക് ഒന്ന് മയങ്ങാൻ കിടന്നപ്പോൾ വീണ്ടും അതെ കിളിക്കൊഞ്ചൽ.
"ഇതിനെ കണ്ടുപിടിച്ചിട്ട് തന്നെ കാര്യം."

മീര ബാൽക്കണി അരിച്ചു പെറുക്കി.  അതാ ജനാലക്കു മുകളിൽ വള്ളിപ്പടർപ്പിനിടയിൽ ഒരു കൊച്ചു കിളിക്കൂട്. അതിൽ മൂന്ന് കുരുവികുഞ്ഞുങ്ങൾ.
"ആഹാ! കൊള്ളാലോ, ഫോട്ടോ എടുത്ത് എഫ് ബി  യിൽ ഇടാം."

അവൾ വേഗം പോയി മൊബൈൽ എടുത്ത് കൊണ്ടുവന്നു. അതാ അമ്മകുരുവിയും എത്തീട്ടുണ്ട്.
"ഫാമിലി പിക് തന്നെ കിട്ടിയല്ലോ."

അവൾ സന്തോഷത്തോടെ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.  "ഫ്ളാറ്റിലെ പുതിയ അതിഥികൾ " അടിക്കുറിപ്പും കൂടെ പക്ഷി സ്നേഹത്തിന്റെ ഹാഷ് ടാഗുകളും.  ആ പോസ്റ്റിനു കിട്ടുന്ന ലൈക്കും കമെന്റും എണ്ണി സമയം കളഞ്ഞു.

പിറ്റേന്ന് സാധരണ പോലെ അവൾ തന്റെ ജോലി തിരക്കിൽ മുഴുകി.
ദിവസങ്ങൾ കൊഴിഞ്ഞു വീണു. വീണ്ടും ഒരു ഞായറാഴ്ച. മതിയാവോളം ഉറങ്ങി വൈകി ഉണർന്നു മീര. ഇന്ന് ശല്യം ചെയ്യാൻ കുരുവി കുഞ്ഞുങ്ങളുടെ കരച്ചിൽ ഉണ്ടായിരുന്നില്ല. അവൾ അത് മറന്നു കഴിഞ്ഞിരുന്നു.

ഒരു കാപ്പിയും കുടിച്ചുകൊണ്ട് അന്നത്തെ പത്രം കയ്യിലെടുത്തു. 
വാരാന്ത്യ പതിപ്പ്. മാർച്ച് 20. കുരുവി ദിനം.
അവൾ ബാക്കി കൂടി വായിച്ചു. ഇന്നത്തെ കാലഘട്ടത്തിൽ കോൺക്രീറ്റ് കെട്ടിടങ്ങൾ നിറയുമ്പോ പക്ഷികൾക്ക് നഷ്ടമാകുന്ന അവയുടെ വാസസ്ഥലങ്ങളെ കുറിച്ചും അവയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധന്യത്തെ കുറിച്ചും ആയിരുന്നു ആ  ലേഖനം.
"ബാൽക്കണിയിലെ കുരുവി കുഞ്ഞുങ്ങളെ മറന്നൂലോ. അവ അവിടെ ഉണ്ടോ ആവോ. പോയി നോക്കാം."

മീര ബാൽക്കണിയിലേക്ക് ചെന്നു.
അവിടെത്തെ കാഴ്ച അവളെ തളർത്തി. നിലത്തും ജാലകത്തിനരികിലും ആയി ഉറുമ്പിൻ കൂട്ടത്തിനിടയിൽ കുരുവി കുഞ്ഞുങ്ങളുടെ ശരീരാവശിഷ്ടങ്ങൾ.

പെട്ടെന്നവൾ കൂട്ടിലേക്ക് നോക്കി. പാതി ജീവനിൽ ഒരു കുഞ്ഞു കുരുവി. അവൾ വേഗം വെള്ളവും കുറച്ചു ചോറിൻ വറ്റുകളും കൊണ്ട് വന്ന് അതിന്റെ കൊക്കിലേക്കു വച്ച് കൊടുത്തു.. അതിന് ജീവനേകി. അവളുടെ കണ്ണുകൾ നിറഞ്ഞു.
അന്ന് തന്നെ രണ്ടു പാത്രങ്ങളിലായി വെള്ളവും ധാന്യവും ആ ബാൽക്കണിയിൽ അവൾ എടുത്ത് വച്ചു.

അന്നും അവൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടു.
ഉറുമ്പ് പൊതിഞ്ഞ കുരുവികുഞ്ഞുങ്ങളുടെ ചിത്രം. കൂടെ ഒരു കുറിപ്പും.
" കുറ്റബോധത്തോടെ ആണ് ഞാൻ ഇതെഴുതുന്നത്. ഒരാഴ്ച മുൻപ് ജീവൻ തുടിക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രം ഇവിടെ പോസ്റ്റിയിരുന്നു. അതെ ജീവൻ ഇന്ന് ഉറുമ്പിൻ കൂട്ടങ്ങൾക്കു ആഹാരം ആയിരിക്കുന്നു. നമ്മുടെ വികസനങ്ങൾക്കായ്  മുറിച്ചു മാറ്റുന്ന ഓരോ മരങ്ങളും നഷ്ടമാക്കുന്നത് ഈ പക്ഷികളുടെ വാസസ്ഥലങ്ങൾ ആണ്.  നാം നമുക്കായ്  ഫ്ലാറ്റുകൾ കെട്ടിപ്പടുക്കുമ്പോൾ മറന്നു പോകുന്നു മറ്റു ജീവജാലങ്ങളെ. ഈ  വേനലിൽ അവക്ക് വെള്ളവും ആഹാരവും നൽകി ആ ജീവൻ നിലനിർത്താം. അത്രയെങ്കിലും കരുണ കാണിക്കണ്ടേ?  ഈ ഭൂമി അവർക്കും അവകാശപ്പെട്ടതാണ്."

ഈ പോസ്റ്റിന്റെ ലൈക്കോ കമെന്റോ നോക്കാൻ മീരക്കിപ്പോ സമയം ഇല്ല. അവൾ ഇപ്പൊ തിരക്കിലാണ്. ആ കുരുവി കുഞ്ഞിനോടൊപ്പം ഒരുപാട് കിളികൾക്കു വീടൊരുക്കുകയാണ്. തന്റെ ബാൽക്കണിയിൽ.
അവൾ ഫ്ലാറ്റിൽ ഇപ്പൊ ഒറ്റക്കല്ല. ഒത്തിരി പക്ഷികൾ അവൾക്കു കൂട്ടിനുണ്ട്.

നമുക്കും ഒരുക്കാം.... കിളികൾക്കായ്.. വേനൽ ചൂടിൽ അവ തളരാതിരിക്കാൻ..നമുക്ക് നൽകാം... വെള്ളവും ധാന്യങ്ങളും നമ്മുടെ മുറ്റത്തും പറമ്പിലും  ജനാലക്കരികിലും..  ഈ ഭൂമിക്ക് അവരും അവകാശികൾ ആണ്.

Monday, January 10, 2022

ഒറിജിനൽ ക്രീയേറ്റീവിറ്റി

അന്നും അവൻ ചിത്രകലാ ക്ലാസ്സിൽ വൈകിയാണ് എത്തിയത്.  മാഷ് ദേഷ്യപ്പെടുമെന്നു പേടിച്ചാണ് അവൻ ഓടി എത്തിയത്. എങ്ങനെ ഒക്കെ നേരത്തെ ഇറങ്ങിയാലും ഇവിടെ എത്തുമ്പോൾ വൈകും. 
മാഷ് ക്ലാസ്സിൽ എത്തിയതേ ഉണ്ടായിരുന്നുള്ളു.  വൈകി എത്തിയ അവനെ രൂക്ഷമായി ഒന്ന് നോക്കിയിട്ടു പറഞ്ഞു "എത്ര  പറഞ്ഞിട്ടെന്തിനാ.  കേറി ഇരുന്നോ.  താല്പര്യം ഇല്ലേൽ എന്തിനാ ഇങ്ങോട്ടു പോരുന്നേ."
മുഖം താഴ്ത്തി അവൻ കയറി ഇരുന്നു. ചിത്രം വരയ്ക്കാൻ അവനു ഒരുപാട് ഇഷ്ടമാണ്. അതുകൊണ്ടാണ് എത്ര വഴക്കു കേട്ടാലും അവൻ ക്ലാസ്സിൽ വരുന്നത്.  പാടവും പച്ചപ്പും എല്ലാം ആസ്വദിച്ച് എത്തുമ്പോ വൈകും. അത് പറഞ്ഞാൽ മാഷ്ക്ക് മനസിലാവില്ല.
ഇരുപത് കുട്ടികൾ ഉള്ള ആ ക്ലാസ്സിൽ മാഷ് അന്ന് ഒരു മത്സരം വച്ചു.
" നിങ്ങൾക്കായി ഒരു മത്സരം വക്കുകയാണ്. നിങ്ങൾ വരക്കേണ്ടത് ഒരു ആനയെ ആണ്. ഒറിജിനാലിറ്റി തോന്നുന്ന ഒരു ആന. എന്നാൽ അതിൽ നിങ്ങളുടേതായ ക്രീയേറ്റിവിറ്റി കൂടി ഉണ്ടാവണം. ഏറ്റവും മനോഹരമായതിനു എന്റെ വക സമ്മാനം ഉണ്ട്."
കുട്ടികൾ എല്ലാരും ഉത്സാഹത്തോടെ വരയ്ക്കാൻ തുടങ്ങി. അവനും തന്റെ കൈയിലെ കടലാസ്സിൽ മെല്ലെ വരയ്ക്കാൻ തുടങ്ങി. 
സമയം കടന്നു പോയി. 
"എല്ലാരും വരച്ചു കഴിഞ്ഞോ?"
കുട്ടികൾ എല്ലാരും ഒരേ ശബ്ദത്തിൽ പറഞ്ഞു "കഴിഞ്ഞു മാഷേ".  അവൻ മാത്രം ഒന്നും മിണ്ടാതെ പിന്നെയും ഏതൊക്കെയോ വരച്ചും നിറം കൊടുത്തു കൊണ്ടും ഇരുന്നു.
മാഷ് ഓരോരുത്തരുടേതായി ചിത്രങ്ങൾ വാങ്ങി നോക്കാൻ തുടങ്ങി.  വളരെ മനോഹരമായി ഓരോ കുട്ടികളും ആനയെ വരച്ചിരുന്നു.
ചിലർ ഉത്സവത്തിന് തിടമ്പേറ്റി നെറ്റിപ്പട്ടം കെട്ടിയ ഗജ വീരന്മാരെ വരച്ചപ്പോൾ ചിലർ കാട്ടിലെ ഒറ്റയാനെ വരച്ചു. ചിലരാകട്ടെ തടി പിടിക്കുന്ന ആനയും ചില മിടുക്കന്മാർ സർക്കസിലെ അഭ്യാസിയായ ആനയേയുമായിരുന്നു വരച്ചിരുന്നത്.
ആന കൂട്ടത്തേയും പാപ്പാനോടൊപ്പം നടക്കുന്ന ആനയെയുമൊക്കെ കണ്ടു മാഷ് അവന്റെ അടുത്തെത്തി.
"നീ ഇതുവരെ വരച്ചു കഴിഞ്ഞില്ലേ?"
"കഴിഞ്ഞു മാഷേ"
"താ നോക്കട്ടെ. ആന തന്നെയാണോ വരച്ചേക്കുന്നേ എന്ന് "
മാഷ് അവന്റെ ചിത്രത്തിലേക്കും അവന്റെ മുഖത്തേക്കും മാറി മാറി നോക്കി എന്നിട്ടു ചോദിച്ചു "ഇതെന്താ വരച്ചു വച്ചിരിക്കുന്നെ?. നിന്റെ ആന എന്താ ഇങ്ങനെ? ആനക്ക് നിറം കറുപ്പല്ലേ?  ".
മറ്റു കുട്ടികളുടെ ആനകളെല്ലാം കറുത്ത നിറത്തിൽ ആയിരുന്നെങ്കിൽ അവന്റെ ആന നിറങ്ങൾ നിറഞ്ഞതായിരുന്നു. കൊമ്പിന് വരെ പല നിറം.
"മാഷല്ലേ പറഞ്ഞെ ക്രീയേറ്റീവിറ്റി വേണോന്നു. നിറമുള്ള ആനയാണ് എന്റെ ക്രീയേറ്റീവിറ്റി."
"ഒറിജിനാലിറ്റി കൂടി വേണോന്നു പറഞ്ഞതല്ലേ. ഒറിജിനൽ ആനക്ക് നിറം കറുപ്പല്ലേ? "
"മാഷേ ഇതിൽ ഒറിജിനാലിറ്റി കൂടി ഉണ്ട്. എന്റെ ആന ഹോളി ആഘോഷിച്ചിട്ടു വരുന്ന വഴിയാ. അതാ ഇത്ര നിറങ്ങൾ"
അവന്റെ മറുപടി കേട്ട് മാഷ് ഒരു നിമിഷം അവനെ തന്നെ നോക്കി നിന്നു. പിന്നെ മെല്ലെ പുഞ്ചിരിച്ചു. അവനെ അഭിനന്ദിച്ചു കൊണ്ട് പറഞ്ഞു "മിടുക്കൻ. ഇന്നത്തെ വിജയി ഇവനാണ് " കുട്ടികൾ എല്ലാരും അവനെ കയ്യടികളോടെ അനുമോദിച്ചു.