അമ്മ വീട്ടിൽ ആയിരുന്നു എന്റെ ബാല്യം. കൊച്ചിയിലെ പള്ളുരുത്തി. അമ്മയുടെ അമ്മയും അച്ഛനും, ചിറ്റമാരും അമ്മാവനും അമ്മായിയും ഒക്കെ ഉള്ള കൂട്ടുകുടുംബം. തൊട്ടടുത്ത് ഒരേ പറമ്പിൽ അമ്മയുടെ വല്യച്ഛന്റെ വീടും ഉണ്ടായിരുന്നു. അവിടെ അമ്മാവന് മൂന്ന് മക്കൾ ആണ്. രണ്ടു ചേച്ചിമാരും ചേട്ടനും. നാല് അഞ്ചു വയസിനു മൂത്തതാണെങ്കിലും ചേട്ടൻ ആയിരുന്നു എന്റെ കളികൂട്ടുകാരൻ.
അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയം. ഓണാവധിക്കാലം. എല്ലാ അവധിക്കും അച്ഛൻ വരും. വീട്ടിലേക്ക് കൊണ്ടുപോകാൻ.
അച്ഛന്റേം അമ്മേടേം ഏട്ടന്റേം കൂടെ ഓണം ആഘോഷിക്കാൻ. ഓണപരീക്ഷ കഴിഞ്ഞു അച്ഛന്റെ വരവും കാത്തിരിക്കുന്ന ഒരു ദിവസം. ഉച്ച ഊണ് കഴിഞ്ഞു എല്ലാരും ചെറിയ മയക്കത്തിലാണ്. ചിത്ര കഥയും വായിച്ചിരുന്ന എന്നെ കുട്ടാപ്പൂ ചേട്ടൻ വന്ന് വിളിച്ചു.
"എടി നമുക്കു പൂ പറിക്കാൻ പോയാലോ. നാളത്തേക്ക് പൂവിടാൻ പൂവില്ല."
"എവിടെ പോകും പൂ പറിക്കാൻ."
"ചുമ്മാ കറങ്ങീട്ടു വരാം. നീ വാ."
"ചിറ്റയോട് പറയണ്ടേ?"
"പറഞ്ഞാൽ ചിലപ്പോ വിട്ടില്ലെങ്കിലോ"
അങ്ങനെ ആരോടും പറയാതെ കുട്ടാപ്പു ചേട്ടന്റെ കൂടെ പൂ പറിക്കാൻ ഇറങ്ങി പുറപ്പെട്ടു.
പൂ അന്വേഷിച്ചു നടന്ന് ഞങ്ങൾ പഷ്ണിത്തോട് പാലത്തിൽ എത്തി.. പാലം ഇറങ്ങി നടക്കുമ്പോൾ ആണ് ഒരു പറമ്പിൽ ശതാവരി നില്കുന്നത് കണ്ടത്. അതിന്റെ മുള്ളുപോലെയുള്ള പച്ച ഇലകൾ പൂക്കളത്തിന് ഭംഗി കൂട്ടും.
ഞങ്ങൾ ശതാവരി പറിച്ചു കൊണ്ടിരിക്കുമ്പോൾ പിന്നിന്നു ഒരു ശബ്ദം.
"ആരാടാ ഇവിടെ കേറി പറിക്കുന്നെ. ഇത് ഞങ്ങടെ സ്ഥലം ആണ്. ഇവിടെന്ന് പറിക്കാൻ പറ്റില്ല." അവിടെ ഉള്ള ഏതോ ഒരു പയ്യൻ ആയിരുന്നു അത്.
ചേട്ടൻ അത് കേട്ട ഭാഗം നടിച്ചില്ല. അവൻ ദേഷ്യപെടാൻ തുടങ്ങി. ചേട്ടനെ പിടിച്ചു മാറ്റാൻ നോക്കി.
ചേട്ടൻ അവനെ പിടിച്ചു ഒരു തള്ള് കൊടുത്തു.
"ഞാൻ ആരാണെന്നു കാണിച്ചു തരാം." ഇതും പറഞ്ഞു അവൻ പോയി. "അവൻ ആരേലും കൂട്ടി വരും മുന്നേ നമുക്ക് പോവാം"
ഞങ്ങൾ വേഗം അവിടുന്ന് പോയി.
അങ്ങനെ നടന്ന് ചെമ്മീൻ കമ്പനിയുടെ അടുത്തെത്തി. അവിടെ കായൽ കൈവഴിയിൽ കുറെ വെളുത്ത വസ്തുക്കൾ.
"ഇതെന്താ ചേട്ടാ"
"അത് കണവ നക്കാണ് "
ഞാൻ അത് ആദ്യമായിട്ടാണ് കാണുന്നത്.
ഞങ്ങൾ പിന്നെയും നടന്ന്.. കുളത്തിന് ആമ്പലൊക്കെ പറിച്ചു ഇടവഴികളീന്നും വീട്ടുമുറ്റത്തുന്നു വീട്ടുകാർ അറിയാതെയും ഒക്കെ പൂക്കൾ പറിച്ചു പതുക്കെ വീടെത്തി.
വീടിനു മുന്നിൽ ഒരാൾക്കൂട്ടം. ഇതെന്താ സംഭവം. ഞങ്ങൾക്ക് മനസിലായില്ല.
ഞങ്ങളെ കണ്ടതും ചിറ്റ ഓടിവന്നു കെട്ടിപിടിച്ചു ഒറ്റ കരച്ചിൽ.
അമ്മായിടെ ചോദ്യം ചെയ്യൽ ആയിരുന്നു അടുത്തത്. എവിടെ പോയി, ആരോട് പറഞ്ഞിട്ടാ പോയെ.
ചേട്ടനിട്ട് രണ്ടു തല്ലും കിട്ടി.
അപ്പോഴും സംഭവത്തിന്റെ ഗൗരവം മനസിലായില്ല.
അപ്പോഴാണ് അവിടെ നില്കുന്ന അച്ഛനെ കണ്ടത്.
പതുക്കെ സംഭവങ്ങൾ മനസിലായി.
ഞങ്ങൾ പൂ പറിക്കാൻ പോയ സമയത്താണ് അച്ഛൻ എന്നെ കൊണ്ടുപോകാൻ എത്തീതു.
എന്നെ കാണാതെ അവരെല്ലാരും പേടിച്ചു. ആരോ എന്നെ പിടിച്ചോണ്ട് പോയി എന്ന് പേടിച്ചു. തിരയാൻ ആളെ വിടാൻ നിൽകുമ്പോഴാ ഇതൊന്നും അറിയാതെ ഞങ്ങടെ വരവ്.
ഓണക്കാല ഓർമകളിൽ ഇതും മായാത്ത ചിത്രമാണ്.
No comments:
Post a Comment