Monday, March 21, 2022

കുരുവി ദിനം


രാവിലെ 5 മണി... അലാറം അടിച്ചുകൊണ്ടേയിരുന്നു.  പുതപ്പിനിടയിൽ നിന്നും കൈ നീണ്ടു വന്നു. അലാറം ഓഫ് ചെയ്ത് മീര വീണ്ടും പുതപ്പിനടിയിലേക്കു ഊളിയിട്ടു.

"അവധി ദിവസം അല്ലേ.  കുറച്ചു നേരം കൂടി ഉറങ്ങാം."

പെട്ടെന്നാണ് കാളിങ് ബെൽ ശബ്ദം പോലെ ഒന്ന് അവൾ കേട്ടത്. "ആരാണാവോ ഇത്ര രാവിലെ".

ഉറക്കം നഷ്ടമായതിൻ സങ്കടത്തോടെ അവൾ എഴുന്നേറ്റു.  ഹാളിൽ എത്തിയപ്പോൾ മനസിലായി അത് കാളിങ് ബെൽ അല്ല. ബാൽക്കണി ആണ് ശബ്ദത്തിന്റെ ഉറവിടം. കിളികുഞ്ഞിന്റെ കരച്ചിൽ.  ബാൽക്കണിയിൽ പോയി നോക്കിയ അവൾക്കു ഒന്നും തന്നെ കാണാൻ കഴിഞ്ഞില്ല.  പടർന്നു കിടക്കുന്ന ചെടികൾക്കിടയിൽ നിന്നും അത് പിന്നെയും കേട്ടുകൊണ്ടേയിരുന്നു.

മീര തന്നെ ജോലികളിലേക്ക് കടന്നു.. ഉച്ചക്ക് ഒന്ന് മയങ്ങാൻ കിടന്നപ്പോൾ വീണ്ടും അതെ കിളിക്കൊഞ്ചൽ.
"ഇതിനെ കണ്ടുപിടിച്ചിട്ട് തന്നെ കാര്യം."

മീര ബാൽക്കണി അരിച്ചു പെറുക്കി.  അതാ ജനാലക്കു മുകളിൽ വള്ളിപ്പടർപ്പിനിടയിൽ ഒരു കൊച്ചു കിളിക്കൂട്. അതിൽ മൂന്ന് കുരുവികുഞ്ഞുങ്ങൾ.
"ആഹാ! കൊള്ളാലോ, ഫോട്ടോ എടുത്ത് എഫ് ബി  യിൽ ഇടാം."

അവൾ വേഗം പോയി മൊബൈൽ എടുത്ത് കൊണ്ടുവന്നു. അതാ അമ്മകുരുവിയും എത്തീട്ടുണ്ട്.
"ഫാമിലി പിക് തന്നെ കിട്ടിയല്ലോ."

അവൾ സന്തോഷത്തോടെ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.  "ഫ്ളാറ്റിലെ പുതിയ അതിഥികൾ " അടിക്കുറിപ്പും കൂടെ പക്ഷി സ്നേഹത്തിന്റെ ഹാഷ് ടാഗുകളും.  ആ പോസ്റ്റിനു കിട്ടുന്ന ലൈക്കും കമെന്റും എണ്ണി സമയം കളഞ്ഞു.

പിറ്റേന്ന് സാധരണ പോലെ അവൾ തന്റെ ജോലി തിരക്കിൽ മുഴുകി.
ദിവസങ്ങൾ കൊഴിഞ്ഞു വീണു. വീണ്ടും ഒരു ഞായറാഴ്ച. മതിയാവോളം ഉറങ്ങി വൈകി ഉണർന്നു മീര. ഇന്ന് ശല്യം ചെയ്യാൻ കുരുവി കുഞ്ഞുങ്ങളുടെ കരച്ചിൽ ഉണ്ടായിരുന്നില്ല. അവൾ അത് മറന്നു കഴിഞ്ഞിരുന്നു.

ഒരു കാപ്പിയും കുടിച്ചുകൊണ്ട് അന്നത്തെ പത്രം കയ്യിലെടുത്തു. 
വാരാന്ത്യ പതിപ്പ്. മാർച്ച് 20. കുരുവി ദിനം.
അവൾ ബാക്കി കൂടി വായിച്ചു. ഇന്നത്തെ കാലഘട്ടത്തിൽ കോൺക്രീറ്റ് കെട്ടിടങ്ങൾ നിറയുമ്പോ പക്ഷികൾക്ക് നഷ്ടമാകുന്ന അവയുടെ വാസസ്ഥലങ്ങളെ കുറിച്ചും അവയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധന്യത്തെ കുറിച്ചും ആയിരുന്നു ആ  ലേഖനം.
"ബാൽക്കണിയിലെ കുരുവി കുഞ്ഞുങ്ങളെ മറന്നൂലോ. അവ അവിടെ ഉണ്ടോ ആവോ. പോയി നോക്കാം."

മീര ബാൽക്കണിയിലേക്ക് ചെന്നു.
അവിടെത്തെ കാഴ്ച അവളെ തളർത്തി. നിലത്തും ജാലകത്തിനരികിലും ആയി ഉറുമ്പിൻ കൂട്ടത്തിനിടയിൽ കുരുവി കുഞ്ഞുങ്ങളുടെ ശരീരാവശിഷ്ടങ്ങൾ.

പെട്ടെന്നവൾ കൂട്ടിലേക്ക് നോക്കി. പാതി ജീവനിൽ ഒരു കുഞ്ഞു കുരുവി. അവൾ വേഗം വെള്ളവും കുറച്ചു ചോറിൻ വറ്റുകളും കൊണ്ട് വന്ന് അതിന്റെ കൊക്കിലേക്കു വച്ച് കൊടുത്തു.. അതിന് ജീവനേകി. അവളുടെ കണ്ണുകൾ നിറഞ്ഞു.
അന്ന് തന്നെ രണ്ടു പാത്രങ്ങളിലായി വെള്ളവും ധാന്യവും ആ ബാൽക്കണിയിൽ അവൾ എടുത്ത് വച്ചു.

അന്നും അവൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടു.
ഉറുമ്പ് പൊതിഞ്ഞ കുരുവികുഞ്ഞുങ്ങളുടെ ചിത്രം. കൂടെ ഒരു കുറിപ്പും.
" കുറ്റബോധത്തോടെ ആണ് ഞാൻ ഇതെഴുതുന്നത്. ഒരാഴ്ച മുൻപ് ജീവൻ തുടിക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രം ഇവിടെ പോസ്റ്റിയിരുന്നു. അതെ ജീവൻ ഇന്ന് ഉറുമ്പിൻ കൂട്ടങ്ങൾക്കു ആഹാരം ആയിരിക്കുന്നു. നമ്മുടെ വികസനങ്ങൾക്കായ്  മുറിച്ചു മാറ്റുന്ന ഓരോ മരങ്ങളും നഷ്ടമാക്കുന്നത് ഈ പക്ഷികളുടെ വാസസ്ഥലങ്ങൾ ആണ്.  നാം നമുക്കായ്  ഫ്ലാറ്റുകൾ കെട്ടിപ്പടുക്കുമ്പോൾ മറന്നു പോകുന്നു മറ്റു ജീവജാലങ്ങളെ. ഈ  വേനലിൽ അവക്ക് വെള്ളവും ആഹാരവും നൽകി ആ ജീവൻ നിലനിർത്താം. അത്രയെങ്കിലും കരുണ കാണിക്കണ്ടേ?  ഈ ഭൂമി അവർക്കും അവകാശപ്പെട്ടതാണ്."

ഈ പോസ്റ്റിന്റെ ലൈക്കോ കമെന്റോ നോക്കാൻ മീരക്കിപ്പോ സമയം ഇല്ല. അവൾ ഇപ്പൊ തിരക്കിലാണ്. ആ കുരുവി കുഞ്ഞിനോടൊപ്പം ഒരുപാട് കിളികൾക്കു വീടൊരുക്കുകയാണ്. തന്റെ ബാൽക്കണിയിൽ.
അവൾ ഫ്ലാറ്റിൽ ഇപ്പൊ ഒറ്റക്കല്ല. ഒത്തിരി പക്ഷികൾ അവൾക്കു കൂട്ടിനുണ്ട്.

നമുക്കും ഒരുക്കാം.... കിളികൾക്കായ്.. വേനൽ ചൂടിൽ അവ തളരാതിരിക്കാൻ..നമുക്ക് നൽകാം... വെള്ളവും ധാന്യങ്ങളും നമ്മുടെ മുറ്റത്തും പറമ്പിലും  ജനാലക്കരികിലും..  ഈ ഭൂമിക്ക് അവരും അവകാശികൾ ആണ്.

No comments:

Post a Comment