രാമന്റെ കഥയിത് രാമായണം
വാത്മീകി രചിതമിതു രാമചരിതം
കാട്ടാളനൊരുനാൾ ജ്ഞാനിയായതോ
രാമനാമജപ തപസ്യയാൽ
വാൽമീകം പിളർന്നു പുതു ജന്മമായ്
രാമനാമം പുകഴ്ത്തി പാടുവാൻ
ദശരഥ പുത്രനായ് അയോധ്യാ രാജ്യത്തിങ്കൽ
കൗസല്യാത്മജ ജന്മം പുണ്യമായ്
കൈകേയീ സുമിത്രാ മാതൃവാത്സല്യമൂറി
ലക്ഷ്മണ ഭരത ശത്രുഘ്ന സാഹോദര്യ സൗഹൃദ ബാല്യം
ഗുരുകുലവാസം അസ്ത്രശാസ്ത്രാഭ്യാസം കൗമാരം
വിശ്വാമിത്ര യാഗ രക്ഷാർത്ഥം ഗമനം
അഹല്യാ മോക്ഷം താടകാ വധം
ജനകപുത്രി ജാനകി പരിണയം ശാന്തമാം ജീവിതം കാലം കഴിയവേ
ദശരഥൻ അരുളി രാമനോടായ് ഇനിയീ
അയോധ്യ നാഥനായി മാറുക കുമാര..
രാജഭരണമായി വാണാൽ എങ്ങിനെ സാധ്യം
രാവണാസുര നിഗ്രഹം രാമനാൽ
ആശങ്കയാല്‍ ദേവഗണം അശാന്തമായി മാറവേ
ദേവി സരസ്വതി വികടമായി വിളയാടി മന്ഥര തൻ നാവിൻമേൽ
ഫലമോ വരമായി നേടി കൈകേയി
തൻപുത്രൻ ഭരതനു രാജ്യവും കൗസല്യാ തനയനു പതിനാലാണ്ട് കാനനവാസവും
ക്രുദ്ധനാം ലക്ഷ്മണനെ ശാന്തമാക്കി
പിതൃവാക്ക് നിറവേറ്റീടുവാൻ പുറപ്പെട്ടു
രാമനോ വനവീഥിയിലേക്ക് അനുഗമിച്ചീടുന്നു നല്ല പാതിയാം സീതയും
സഹോദര സ്നേഹത്താൽ ലക്ഷ്മണനും
ഇഹലോകം വെടിഞ്ഞു അയോധ്യാ രാജനും പുത്രവിയോഗത്താൽ
രാമപാഥുകങ്ങൾ പ്രതീകമാക്കി ഭരിച്ചു രാജ്യം ഭരതനും
പതിനാലു വർഷങ്ങൾ വനവാസ നാളുകൾ
ആശ്രമ ജീവിതം നിമിത്തങ്ങൾ നിയോഗങ്ങൾ
രാവണസോദരീ ശൂർപ്പണകതൻ അവയവ ഛേദം
വൈരാഗ്യമുളവാർന്നു ലങ്കാ രാജനിൽ
മാരീചമായയാൽ രാമലക്ഷ്മണന്മാരെയകറ്റി
മുനിരൂപം പൂണ്ടെത്തി ലക്ഷ്മണരേഖയും കടത്തി
സീതാപഹരണം.. പുഷ്പക വിമാനത്തിലേറ്റി
അശോകവനിയിൽ തടവിലാക്കി ദേവിയാം സീതയെ...
തൻപാതിയെ തേടിയലഞ്ഞു ശ്രീരാമനും
വഴിയിലായ് രാവണചന്ദ്രഹാസത്താൽ ചിറകറ്റ് ജടായുവും
കണ്ടുമുട്ടി ഹനുമാനും ഏവം സുഗ്രീവനും
സഖ്യം ചേർന്നവർ അനന്തരം ബാലീ വധവും
കടൽ ചാടി വായുപുത്രൻ ലങ്കതന്നിലായ് ചെന്നു
സീതക്കായ് രാമസന്ദേശമാം അംഗുലീയവും നൽകി
അടയാള വാക്യം ചൊല്ലി ചൂടാമണിയുമായ്
പോരും മുന്നേ ലങ്കാ ദഹനവും നടത്തി
വാനരപടയുമായ് രാമൻ പണിതു സേതുബന്ധനം
യുദ്ധം ഫലം രാമജന്മ നിയോഗം രാവണ നിഗ്രഹം
സീതാ സമേതം അയോധ്യാ രാജനായ് വാണിടും നാൾ
ആരോ ചൊല്ലിയ വാക്കിനാൽ ത്യജിച്ചു
കാനന നടുവിൽ... ഉദരത്തിൽ തൻ കുഞ്ഞിനെ പേറും വൈദേഹിയെ
തൻ തൂലിക തുമ്പിൽ നിന്നിറങ്ങി വന്ന
ഭൂമീപുത്രിക്കായ് അഭയമേകി മഹർഷി തൻ
ആശ്രമത്തിങ്കൽ വാൽസ്യമോടെ
സ്നേഹ പരിചരണങ്ങളാൽ പിറന്നു രണ്ടരുമ കുഞ്ഞുങ്ങൾ
കാലം കഴിയവേ ലവകുശ കുമാരന്മാർ വീരരായ് വളർന്നു അതിവേഗം
പിതാവിന്റേതെന്നറിയാതെ കെട്ടിയിട്ടവർ
അശ്വത്തെ തടഞ്ഞു അശ്വമേധവും
ഏറ്റുമുട്ടി വീര്യമോടെ ലക്ഷ്മണ കുമാരനോടും
വീരരാം ബാലകന്മാരെ കാണാനാശിച്ചു
ശ്രീരാമചന്ദ്രൻ ആളയച്ചു വാത്മീകി ആശ്രമം തന്നിൽ
യാഗത്തിൽ വാമ ഭാഗമാകും കാഞ്ചന സീതയെ കാണാനായി
യാത്രയായി അയോധ്യയിലേക്കവർ ലവകുശ കുമാരൻമാർ
രാമചരിതം പാടിയെത്തി കൊട്ടാരത്തിലവർ
തിരിച്ചറിഞ്ഞു തൻ പുത്രന്മാരെ രാജൻ ശ്രീരാമദേവൻ
തേടിയെത്തി സീതാദേവിയെ കാനനടുവിൽ ആശ്രമാങ്കണത്തിൽ
അഗ്നിശുദ്ധിയിലും ത്യജിക്കപ്പെട്ട തനിക്കിനി
അഭയം ഒന്നുമാത്രം എന്നുറച്ചുവൈദേഹി
ഭൂപിളർന്നവൾ മറഞ്ഞു തന്മാതാവിൻ ഹൃദയത്തിനുള്ളിൽ
തൻ പുത്രന്മാരോടൊപ്പം കാലം കഴിച്ചു രാമൻ
അനന്തരം രാജ്യം അവർക്കായി നൽകി
സരയൂ നദിയിലായ് ജലസമാധിയുമായ്..
രാമായണം രാമചരിതം അവതാര പൂർണ്ണം ഇതി രാമകഥാന്ത്യം...
..........
No comments:
Post a Comment