അന്നും അവൻ ചിത്രകലാ ക്ലാസ്സിൽ വൈകിയാണ് എത്തിയത്. മാഷ് ദേഷ്യപ്പെടുമെന്നു പേടിച്ചാണ് അവൻ ഓടി എത്തിയത്. എങ്ങനെ ഒക്കെ നേരത്തെ ഇറങ്ങിയാലും ഇവിടെ എത്തുമ്പോൾ വൈകും.
മാഷ് ക്ലാസ്സിൽ എത്തിയതേ ഉണ്ടായിരുന്നുള്ളു. വൈകി എത്തിയ അവനെ രൂക്ഷമായി ഒന്ന് നോക്കിയിട്ടു പറഞ്ഞു "എത്ര പറഞ്ഞിട്ടെന്തിനാ. കേറി ഇരുന്നോ. താല്പര്യം ഇല്ലേൽ എന്തിനാ ഇങ്ങോട്ടു പോരുന്നേ."
മുഖം താഴ്ത്തി അവൻ കയറി ഇരുന്നു. ചിത്രം വരയ്ക്കാൻ അവനു ഒരുപാട് ഇഷ്ടമാണ്. അതുകൊണ്ടാണ് എത്ര വഴക്കു കേട്ടാലും അവൻ ക്ലാസ്സിൽ വരുന്നത്. പാടവും പച്ചപ്പും എല്ലാം ആസ്വദിച്ച് എത്തുമ്പോ വൈകും. അത് പറഞ്ഞാൽ മാഷ്ക്ക് മനസിലാവില്ല.
ഇരുപത് കുട്ടികൾ ഉള്ള ആ ക്ലാസ്സിൽ മാഷ് അന്ന് ഒരു മത്സരം വച്ചു.
" നിങ്ങൾക്കായി ഒരു മത്സരം വക്കുകയാണ്. നിങ്ങൾ വരക്കേണ്ടത് ഒരു ആനയെ ആണ്. ഒറിജിനാലിറ്റി തോന്നുന്ന ഒരു ആന. എന്നാൽ അതിൽ നിങ്ങളുടേതായ ക്രീയേറ്റിവിറ്റി കൂടി ഉണ്ടാവണം. ഏറ്റവും മനോഹരമായതിനു എന്റെ വക സമ്മാനം ഉണ്ട്."
കുട്ടികൾ എല്ലാരും ഉത്സാഹത്തോടെ വരയ്ക്കാൻ തുടങ്ങി. അവനും തന്റെ കൈയിലെ കടലാസ്സിൽ മെല്ലെ വരയ്ക്കാൻ തുടങ്ങി.
സമയം കടന്നു പോയി.
"എല്ലാരും വരച്ചു കഴിഞ്ഞോ?"
കുട്ടികൾ എല്ലാരും ഒരേ ശബ്ദത്തിൽ പറഞ്ഞു "കഴിഞ്ഞു മാഷേ". അവൻ മാത്രം ഒന്നും മിണ്ടാതെ പിന്നെയും ഏതൊക്കെയോ വരച്ചും നിറം കൊടുത്തു കൊണ്ടും ഇരുന്നു.
മാഷ് ഓരോരുത്തരുടേതായി ചിത്രങ്ങൾ വാങ്ങി നോക്കാൻ തുടങ്ങി. വളരെ മനോഹരമായി ഓരോ കുട്ടികളും ആനയെ വരച്ചിരുന്നു.
ചിലർ ഉത്സവത്തിന് തിടമ്പേറ്റി നെറ്റിപ്പട്ടം കെട്ടിയ ഗജ വീരന്മാരെ വരച്ചപ്പോൾ ചിലർ കാട്ടിലെ ഒറ്റയാനെ വരച്ചു. ചിലരാകട്ടെ തടി പിടിക്കുന്ന ആനയും ചില മിടുക്കന്മാർ സർക്കസിലെ അഭ്യാസിയായ ആനയേയുമായിരുന്നു വരച്ചിരുന്നത്.
ആന കൂട്ടത്തേയും പാപ്പാനോടൊപ്പം നടക്കുന്ന ആനയെയുമൊക്കെ കണ്ടു മാഷ് അവന്റെ അടുത്തെത്തി.
"നീ ഇതുവരെ വരച്ചു കഴിഞ്ഞില്ലേ?"
"കഴിഞ്ഞു മാഷേ"
"താ നോക്കട്ടെ. ആന തന്നെയാണോ വരച്ചേക്കുന്നേ എന്ന് "
മാഷ് അവന്റെ ചിത്രത്തിലേക്കും അവന്റെ മുഖത്തേക്കും മാറി മാറി നോക്കി എന്നിട്ടു ചോദിച്ചു "ഇതെന്താ വരച്ചു വച്ചിരിക്കുന്നെ?. നിന്റെ ആന എന്താ ഇങ്ങനെ? ആനക്ക് നിറം കറുപ്പല്ലേ? ".
മറ്റു കുട്ടികളുടെ ആനകളെല്ലാം കറുത്ത നിറത്തിൽ ആയിരുന്നെങ്കിൽ അവന്റെ ആന നിറങ്ങൾ നിറഞ്ഞതായിരുന്നു. കൊമ്പിന് വരെ പല നിറം.
"മാഷല്ലേ പറഞ്ഞെ ക്രീയേറ്റീവിറ്റി വേണോന്നു. നിറമുള്ള ആനയാണ് എന്റെ ക്രീയേറ്റീവിറ്റി."
"ഒറിജിനാലിറ്റി കൂടി വേണോന്നു പറഞ്ഞതല്ലേ. ഒറിജിനൽ ആനക്ക് നിറം കറുപ്പല്ലേ? "
"മാഷേ ഇതിൽ ഒറിജിനാലിറ്റി കൂടി ഉണ്ട്. എന്റെ ആന ഹോളി ആഘോഷിച്ചിട്ടു വരുന്ന വഴിയാ. അതാ ഇത്ര നിറങ്ങൾ"
അവന്റെ മറുപടി കേട്ട് മാഷ് ഒരു നിമിഷം അവനെ തന്നെ നോക്കി നിന്നു. പിന്നെ മെല്ലെ പുഞ്ചിരിച്ചു. അവനെ അഭിനന്ദിച്ചു കൊണ്ട് പറഞ്ഞു "മിടുക്കൻ. ഇന്നത്തെ വിജയി ഇവനാണ് " കുട്ടികൾ എല്ലാരും അവനെ കയ്യടികളോടെ അനുമോദിച്ചു.
ഒത്തിരി സ്വപ്നങ്ങളുടെ കൂടുകാരിയവാൻ കൊതിക്കുന്ന ഒരു കൊച്ചു മഞ്ചാടി മണി ... എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ച എന്റെ ആമ്പൽപൂവിനായ് .................
Monday, January 10, 2022
ഒറിജിനൽ ക്രീയേറ്റീവിറ്റി
Subscribe to:
Post Comments (Atom)
No comments:
Post a Comment