Saturday, November 16, 2024

തിരയുന്ന ശരിയുത്തരം

അജ്ഞാതമാം ജീവിത വീഥിയിൽ 

അലയുന്നു നാം എന്തിനെന്നറിയാതെ 

ചോദ്യങ്ങൾ ആയിരം ചോദിക്കുന്നു സ്വയം 

ഉത്തരം കിട്ടാതുഴറുന്നു ഓരോ ജന്മത്തിലും 

കാലങ്ങൾ ഋതുക്കളായ് കൊഴിഞ്ഞിടുന്നു 

ചിന്തകൾക്കതീതം ജീവിത യാത്ര 

കർമ ഫലത്താൽ ബന്ധിതം 

തിരയുന്നു ശരിയാം ഉത്തരങ്ങൾ ഇനിയും 

നിലക്കാത്ത ചോദ്യങ്ങൾക്കായ്...

Saturday, November 2, 2024

അവൻ

എന്‍റെ ഹൃദയം നിന്‍റെ ഹൃദയത്തോടു മന്ത്രിക്കുന്ന വാക്കുകള്‍ കേട്ടുവോ...എങ്കിലറിയുക,പെട്ടെന്നൊരുനിമിഷംകൊണ്ട് മുളപൊട്ടിയ പ്രണയാവേശമല്ല എനിക്കുനീ..ആകാശത്തോളമുള്ള അഭിനിവേശമാണ്,അഭിലാഷമാണ്,ജന്മങ്ങളായ് ഞാന്‍ തേടിയ സ്നേഹവസന്തമാണുനീ..അതിന്‍റെ പരിപൂര്‍ണ്ണതയ്ക്കായ് ഒരു മാത്രയെങ്കില്‍ ഒരുമാത്ര നിന്‍റെ സാമീപ്യം,നമ്മുടെ ഒന്നാകല്‍,ഞാന്‍ കൊതിച്ചുപോയത് തെറ്റാകില്ല ഒരിക്കലുമെന്ന ഉറച്ച വിശ്വാസമെനിക്കുണ്ട്..കാരണം,പ്രണയത്താല്‍ വിശുദ്ധരായവരാണ് നമ്മള്‍!!!!
: നീ ഇല്ലെങ്കില്‍ ഈ ജന്മം പൂര്‍ണ്ണമാകില്ലെന്ന് പിന്നെയും പിന്നെയും ഉള്ളിലാരോ മൊഴിയുന്നു...ഒരു നിമിഷമെങ്കിലും ഒരുമിച്ചു ചേരണേ എന്ന പ്രാര്‍ത്ഥനയാണിന്നെന്‍റെ ചുണ്ടില്‍...നിനക്കു മാത്രം മനസ്സിലാകുന്ന മനസ്സാണെന്‍റേത്...അതൊന്നു തുറന്നു വായിക്കൂ...
വിസ്മയംപോലെ നമുക്കുലഭിക്കുന്ന സ്നേഹനിമിഷങ്ങളെ, ജീവിതത്തിന്‍റെ കെട്ടുപാടുകളെയോര്‍ത്ത് നഷ്ടപ്പെടുത്താതിരിക്കാം..പ്രണയപൂര്‍ണ്ണതയില്‍ മറക്കാമെടോ നമുക്കു നമ്മുടെ കൊച്ചുകൊച്ചു ദുഃഖങ്ങളെ,പരിമിതികളെ,പരിധികളെ... ആത്മാര്‍ത്ഥമായ പ്രണയത്തിന്‍റെ സാഫല്യത്തിനായി ഈശ്വരന്‍ നമ്മുടെ കൂടെയുണ്ട്...

സി ബി എസ് ഇ അണലി

വൈകുന്നേരങ്ങളിൽ വല്യമ്മേടെ വീട്ടിൽ ആണ് കൂടുതൽ സമയവും. വല്യമ്മ ഉണ്ടാക്കുന്ന പലഹാരങ്ങൾ അത്ര സ്വാദുള്ളവയാണ്. എന്നും സ്കൂളിന്ന് നേരെ അങ്ങോട്ടാവും ഉണ്ണീം അപ്പുവും പോകുന്നേ. 
അങ്ങനൊരു വൈകുന്നേരം വല്യമ്മേടെ പലഹാരങ്ങളും തിന്നോണ്ട് ഇരിക്കുമ്പോഴാണ് മുറ്റത്തേക്കിറങ്ങിയ വല്യമ്മ ആകെ വിഷമിച്ചു കേറി വരുന്നത്.
"എന്ത് പറ്റി വല്യമ്മേ"
"എന്നേ എന്തോ കടിച്ചു കുട്ടി. എന്താന്ന് അറിയില്ല."
കേട്ട പാതി കേൾക്കാത്ത പാതി അപ്പു ഓടി പോയി ബാഗിൽ നിന്നും അവന്റെ ബയോളജി ടെക്സ്റ്റ്‌ എടുത്തോണ്ട് വന്നു എന്തൊക്കെയോ നോക്കുന്നു. പിന്നെ വല്യമ്മയോട് കുറെ ചോദ്യങ്ങൾ.
വല്യമ്മക്ക് ദാഹിക്കുന്നുണ്ടോ?
ഷിവർ ചെയ്യുന്നുണ്ടോ?
അവൻ വല്യമ്മേടെ കണ്ണു പിടിച്ചു നോക്കുന്നു. വായ തുറന്നു നോക്കുന്നു. അങ്ങനെ ഏതാണ്ടൊക്കെ ചെയുന്നുണ്ട്.
അവസാനം അപ്പു പറഞ്ഞു. "വല്യമ്മേനെ റെസ്സിൽ വൈപ്പർ എന്ന റപ്റ്റൈൽ കടിച്ചതാ.ഇത് കടിച്ചാൽ പെട്ടന്ന് ഡെത്ത് ഉണ്ടാകുന്ന ഈ ബുക്കിൽ പറയുന്നേ."
അവൻ സി ബി എസ് ഇ ടെക്സ്റ്റും പിടിച്ചോണ്ട് പറഞ്ഞു.
സ്റ്റേറ്റ് സിലബസ് ആയ ഉണ്ണിക്ക് ആകെ മനസിലായത് വല്യമ്മ മരിച്ചു പോകുന്നു മാത്രം ആയിരുന്നു.
അവൻ വലിയ വായിൽ നിലവിളിച്ചു.
"അയ്യോ ആരേലും വരണേ. വല്യമ്മ മരിക്കാൻ പോണേ. വല്യമ്മേനെ ആരോ കടിച്ചേ"
 നിലവിളി കേട്ട് തെങ്ങു കേറാൻ വന്ന കുമാരൻ ചേട്ടൻ ഓടിവന്നു. പിന്നെ കുറെ നാട്ടുകാരും. എല്ലാരും കൂടി വല്യമ്മയെ ആശുപത്രിയിൽ കൊണ്ടു പോയി. കടിച്ചത് വല്യ കുഴപ്പം ഒന്നും ഉണ്ടായില്ല. പക്ഷെ പേടിച്ചു വല്യമ്മേടെ പ്രഷർ കൂടിയത് കൊണ്ട് അതു കുറയണ വരെ അഡ്മിറ്റ്‌ ആവേണ്ടി വന്നു.

നീർ നായയുടെ നീരാട്ട്

അന്നൊരു ശനിയാഴ്ച ആയിരുന്നു. അവധി ദിവസങ്ങളിൽ തറവാട്ടിലെ ആൺകുട്ടികൾ എല്ലാരും എന്ന് പറഞ്ഞാൽ ഏതാണ്ട് പത്തു പതിനാറെണ്ണം കൂടി പുഴയിൽ കുളിക്കാൻ പോകുന്ന പതിവുണ്ട്. അന്നും പതിവ് തെറ്റിച്ചില്ല. പുഴയിലെ വെള്ളത്തിൽ നീന്തി തുടിച്ച് ആർത്തുല്ലസിച്ചു കളിച്ചു കുളിക്കുന്ന നേരം. കൂട്ടത്തിൽ മൂത്തവൻ ഉണ്ണി രണ്ടാമത്തവൻ അപ്പു. അപ്പുവിന് കുറച്ചു വൃത്തി കൂടുതലാണ്. അത് കൊണ്ട് തന്നെ കൂട്ടത്തിൽ നിന്നും മാറി പുഴയിൽ ഇറങ്ങി പതുക്കെ കുളിക്കുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോ കൂട്ടത്തിൽ ഒരുത്തൻ ഉണ്ണിയോട് "ഏട്ടാ അങ്ങോട്ട് നോക്കിയേ, അപ്പുവേട്ടൻ എന്താ കാട്ടുന്നേ" ഉണ്ണി നോക്കുമ്പോ അപ്പു വെള്ളത്തിൽ തുള്ളി കളിക്കുന്നു. ഇവൻ ഇതെന്ന് അഭ്യാസം ആണാവോ കാണിക്കുന്നേ എന്ന് ആലോചിച്ചു നിൽക്കുമ്പോ ആണ് മറ്റൊരു കാഴ്ച ഒരു വള്ളം അതിലെ ആളുകൾ പങ്കായം പൊക്കി പിടിച്ചോണ്ട് തല്ലാൻ കണക്കാക്കി വരുന്നു. 'ഈശ്വരാ ഇനി ഇവൻ വല്ല വൃത്തികേടും കാട്ടിയോ. ഇവനെ തല്ലാനാണോ ഇവര് തുഴയും പൊക്കി പിടിച്ചോണ്ട് വരുന്നേ' ഉണ്ണീടെ ചിന്തകളെ മുറിച്ചു കൊണ്ട് വള്ളക്കാർ ഒച്ച വച്ച്.. 
"വെള്ളത്തീന്ന് കേറിപോടാ പിള്ളേരെ"
അവന്മാരുണ്ടോ കേൾക്കുന്നു.
വഞ്ചിക്കാര് ചീത്തപറയാൻ തുടങ്ങി. 
"എന്താ ചേട്ടാ കാര്യം. എന്തിനാ വെള്ളത്തീന്ന് കേറുന്നേ" കൂട്ടത്തിൽ ആരോ ചോദിച്ച്.
" നീർനായ ഉണ്ട് വെള്ളത്തിൽ. വേഗം കേറി പോ"
കേട്ട പാതി കേൾക്കാത്ത പാതി എല്ലാരും ഓടി കരക്ക്‌ കയറി.
അപ്പു മാത്രം വെള്ളത്തിൽ. അവൻ അപ്പോഴും തുള്ളികളിക്കുന്നു. ഇവൻ എന്താ ഈ കാണിക്കുന്നേ. ഇവന് വട്ടായോ. 
പിന്നെയല്ലേ കാര്യം പിടികിട്ടിയെ. അപ്പു അത്യാവശ്യം നല്ല വെളുത്തിട്ടാണ്. നീർനായ വെള്ളത്തിലൂടെ വന്നപ്പോ ദേ വെളുവെളുത്ത് എന്തോ ഒന്ന്.. ഒന്നല്ല രണ്ട്.. പിന്നെ നീർനായ ഒന്നും നോക്കിയില്ല. ഒറ്റ കടി. കടിച്ചാൽ പിന്നെ ആ മാംസം കിട്ടാതെ അതൊട്ട് കടി വിടേം ഇല്ല.
തോണിക്കാര് പങ്കായത്തിന് അടിച്ചു ഒരു വിധം അതിന്റെ പിടി വിടുവിച്ചു. അപ്പുനെ എടുത്ത് തോണീലിട്ട് കരയിൽ എത്തിച്ചു. അവന്റെ പിന്നീന്നു ചോര ഒഴുകുന്നു. "ആശുപത്രിയിൽ പോവണ്ടായേ" എന്ന് അപ്പുന്റെ അലർച്ച. " നല്ല മുറിവുണ്ട്. ആശുപത്രിയിൽ കൊണ്ടോവാതെ പറ്റില്ല." തോണിക്കാർ പറഞ്ഞു.
"എവിടെ കൊണ്ടോയാലും പാലക്കൽ കൊണ്ടുവല്ലേ" 

പാലക്കൽ തറവാട്ടു വക ആശുപത്രി ആണ്. അവിടെ ഡോക്ടർ മുതൽ സെക്യൂരിറ്റി വരെ എല്ലാരും പരിചയക്കാരാണ്. അവരെ എങ്ങനെ ഈ പിന്നാമ്പുറം കാണിക്കും.

അങ്ങനെ അവസാനം മിഷൻ ഹോസ്പിറ്റലിൽ കൊണ്ടുപോയി.
നട്ടെല്ലിനോട് ചേർന്നായിരുന്നു മുറിവ്. അതുകൊണ്ട് മരവിപ്പിക്കാൻ പറ്റില്ല. പച്ച മാസത്തിൽ തന്നെ സ്റ്റിച്ച്‌ ഇടണം.
അപ്പുന്റെ ശ്രദ്ധ മാറ്റാൻ നേഴ്സ് അവനോട് വിശേഷം ചോദിക്കാൻ തുടങ്ങി.
"മോന്റെ പേരെന്താ."
അഭിനവ് 
"മോൻ എവിടാ പഠിക്കുന്നേ"
അവൻ സ്കൂളിന്റെ പേര് പറഞ്ഞു 
"അവിടെ ഏതു വിഷയം"
പ്ലസ് വൺ ബയോമാത്‍സ് 
"മോൻ മുഖം ഒന്ന് തിരിച്ചേ"
അവൻ മെല്ലെ തിരിഞ്ഞു 
"ഡാ നീ അഭിനവ് വർമ അല്ലേ. ദിവ്യടെ ക്ലാസ്സിലെ. ഞാൻ ദിവ്യെടെ അമ്മയാ."

സ്റ്റിച്ച് ഇടലൊക്കെ കഴിഞ്ഞ് വീടെത്തി. ഇരിക്കാനോ മലർന്നു കിടക്കാനോ പറ്റാതെ അപ്പു നന്നേ വിഷമിച്ചു. ഏതാണ്ട് ഒന്നൊന്നര മാസം എടുത്തു എല്ലാം ഉണങ്ങി ഭേദം ആവാൻ.
അങ്ങനെ എല്ലാം ഓക്കേ ആയി സ്കൂളിൽ പോകാറായി. പക്ഷെ അവൻ എന്ത് ചെയ്താലും സ്കൂളിൽ പോവില്ല. കാരണം തിരക്കിയപ്പോ അവൻ പറഞ്ഞു 
"ആ തള്ള എന്റെ എല്ലാം കണ്ടു. അവർ അതു ആ പെണ്ണിനോടും പറഞ്ഞിട്ടുണ്ടാവും. ഞാൻ ഇനി ആ സ്കൂളിൽ പോവൂല"
അങ്ങനെ അവസാനം ഒരു നീർനായ കാരണം അപ്പുന്റെ സ്കൂൾ മാറി

Monday, October 7, 2024

കൂടെ


ഒറ്റക്കല്ലെന്നറിയുക നീ 
ഒരുമിച്ചില്ലെന്നാകിലും 
ഒരുമിച്ചു പോയ വഴികളും 
ഒന്നായ് ചേർന്ന നിമിഷവും 
ഓർമയായുള്ളപ്പോൾ 
ഒറ്റക്കാവുന്നതെങ്ങിനെ നീ
ഓർമ്മകൾ കൂട്ടായുണ്ടെന്നും 
ഒറ്റക്കാവില്ലെന്നറിയുക നീ..

ചിങ്ങപുലരി

പൊന്നിൻ ചിങ്ങ പുലരിയിലെങ്ങും ചിരിതൂകുന്നൊരു തുമ്പ പൂവും 
മണ്ണിൻ മാറിൽ ചേർന്നു മയങ്ങും കണ്ണിൽ കാണാ കാക്ക പൂവും 
കുമ്പിള് കുത്തിയ ചേമ്പില നിറയെ നുള്ളി എടുത്തു നടന്നൊരു കാലം 
മണ്ണിലെ ഓരോ പുല്ലിൽ പോലും പൂ വിടരുന്നൊരു പൊൻ മാസം 
ചെത്തി മിനുക്കിയ പൂമുറ്റത്ത് ചേലിൽ തീർത്തൊരു പൂക്കളവും 
അത്തം ചിത്തിര ചോതി വിശാഖം പത്തു ദിനവും ഉത്സാഹം 
ഓണത്തപ്പനും ഓലക്കുടയും പുത്തനുടുപ്പും പാൽപ്പായസവും 
തൂശനിലയിൽ ഒരുക്കും സദ്യ 
മലയാളമൊന്നായി ഒറ്റമനസായി 
ഹൃദയം കൊണ്ടൊരുക്കുന്നു 
മാവേലി മന്നന് വരവേൽപ്പ്...

വേർപാട്

അന്നൊരു രാവിൽ പതിവുപോലെ 
മടിയിൽ കിടത്തി കഥകൾ ചൊല്ലി
 ഉണ്ണിയെ ഉറക്കി അച്ഛൻ
നേരം പുലർന്നപ്പോ മിഴികൾ തുറന്നപ്പോ അച്ഛനുറങ്ങി കിടക്കുന്നു മൂന്നിൽ 
ഉണ്ണിക്കു മുന്നേ ഉണരുന്നൊരച്ഛൻ 
ഇന്നെന്തു കൊണ്ടുണർണ്ണതില്ല 
അമ്മ കരയുന്നു അച്ഛമ്മ കരയുന്നു 
എന്തിനന്നറിയാതെ അമ്മക്കരികിലായ്
അച്ഛനെ നോക്കി ഇരുന്നു ഉണ്ണി.
ഉത്സവം കൂടാൻ കൊണ്ടു പോകാമെന്നു ഇന്നലെ ചൊല്ലിയത്താണച്ഛൻ 
ഇനിയും ഉണർന്നില്ലയെങ്കിൽ എങ്ങിനെ- ആനയെ കാണും മേളവും കേൾക്കും.
അച്ഛാ എഴുന്നേൽക്ക് അച്ഛാ എഴുന്നേൽക്ക് 
ഉത്സവം കാണാൻ പോവണ്ടേ 
നമുക്ക് ആനയെ കാണണ്ടേ മേളം കേൾക്കണ്ടേ
വേഗം എഴുന്നേൽക്ക് എന്റെ അച്ഛാ
കുഞ്ഞിളം മനസിലെ നോവ് കണ്ട് 
കൂടിയവരൊക്കയും വിതുമ്പിയല്ലോ 
ഇനി ഉണരില്ലെന്നറിയാതെ അച്ഛനെ 
കൊഞ്ചി വിളിക്കുന്നു ഉണ്ണി വീണ്ടും 
നേരം കടന്നപ്പോൾ ഉണ്ണി അറിയുന്നു 
തൻ അച്ഛൻ ഇനിയില്ല ആ വാത്സല്യവുമില്ല 
മിഴികൾ നിറയുന്നു നിശബ്ദമായ് തേങ്ങുന്നു 
ഉള്ളിൽ അലതല്ലും ആർത്തനാദം 
ഗദ്ഗദമായ് തീരുന്നു അച്ഛാ എന്നൊരാ വിളി പോലും...

തിരികെ വിളിക്കുന്നെൻ ഗ്രാമം

വെള്ളിപ്പുതപ്പിട്ട മാമല 
പച്ച വിരിച്ചൊരു താഴ്‌വാരം 
ഞാൻ വളർന്നൊരീ ഗ്രാമം.. എന്റെ ഗ്രാമം 
തിരികെ നടക്കുവാൻ ആശിച്ച വഴികൾ
പാടവരമ്പുകൾ പാതയോരങ്ങൾ 
പിന്നിലായ് മെല്ലെ വിളിക്കുന്നു എന്നെ 
എന്നോ പോയ്‌ മറഞ്ഞൊരെൻ ബാല്യം
മിഴി ചിമ്മി കളിയാക്കി പായുന്ന പരലിനെ 
പാവാട തുമ്പിൽ തടവിലാക്കി
പുഞ്ച വയലിൽ പുന്നെല്ലിൻ ഇടയിൽ 
ചേറിൽ കളിച്ചു നടന്ന കാലം
ഒറ്റയടി വച്ച് പിച്ച നടന്നൊരു തറവാടിൻ മുറ്റം 
അക്ഷരമോരോന്നു ചൊല്ലി പഠിപ്പിച്ച ആശാന്റെ പള്ളിക്കൂടം
കൂട്ടരോടൊത്ത് കളിച്ചു വളർന്നൊരു അമ്പലമുറ്റം
ബാല്യം കടന്നപ്പോ പ്രായം വളർന്നപ്പോ 
വിടചൊല്ലി പോയൊരാ ഗ്രാമത്തിൻ നന്മ 
തിരികെ വിളിക്കുന്നു അരുതേ പോകരുതെന്ന് 
പിന്തിരിഞ്ഞൊന്നു നോക്കുവാനാവാതെ 
ഉള്ളു നീറിയിട്ടും പോകുന്നു ദൂരേക്ക് ഒറ്റക്ക് ജീവിത നേരിലേക്ക്

വാടകക്കൊരമ്മ

അമ്മയാണു കുഞ്ഞേ ഞാൻ നിൻ അമ്മയാണ് 
ജീവരക്തം നൽകി നിനക്കായ്‌ 
ജീവനേകിയോരമ്മ ഞാൻ 
എന്റേതെന്നു ചൊല്ലുവാനവകാശ മില്ലാത്ത 
നിൻ അമ്മയാണു ഞാൻ 
പ്രാരാബ്ദമെന്നൊരു ഭാണ്ഡം പേറും നാളിൽ 
പരിഹാരമായതാണ് നിൻ ജന്മം 
അമ്മയാവാൻ ഭാഗ്യമില്ലാത്തൊരമ്മക്ക് 
കുഞ്ഞായി നിന്നെ ഏകുവാൻ 
ലോകം കാണും വരെ നിനക്കായ്‌ ജന്മസ്ഥാനം ആകുവാൻ മാത്രം 
വാടകക്കുക്കൊടുത്തൊരു ഗർഭപാത്രം.. ഞാൻ നിൻ അമ്മ
ഓർത്തത്തില്ലന്നു നെഞ്ചിലൊരു നോവായ് മാറും നിൻ ഓർമകളെന്ന് 
മാറിൽ ചുരത്തും അമ്മിഞ്ഞ പാൽ പോലും 
നിനക്കായ്‌ പകരുവാനാവതില്ല
ഉള്ളിൽ തുളുമ്പും വാത്സല്യമോടെ 
നെഞ്ചോട് ചേർക്കാനുമാവതില്ല 
സങ്കടം നിറയുന്നുവെങ്കിലും 
സന്തുഷ്ടയാണ് ഞാൻ 
നിന്നിലൂടെ മറ്റൊരുവൾക്ക് അമ്മയാകാൻ കഴിഞ്ഞതിൽ 
ആ അമ്മക്ക് നല്ലൊരു കുഞ്ഞായ് വളരുക നീ
അകലെയെങ്കിലും ചേർക്കാം നിന്നെ ആത്മവിനോടെന്നും 
 വാടകക്കെങ്കിലും നിൻ അമ്മയാണു ഞാൻ 
പേറ്റു നോവറിഞ്ഞു നിനക്കു ജന്മമേകിയ നിൻ പെറ്റമ്മയാണു ഞാൻ..

ഇത്തിരി നേരം


മാമര ചില്ലമേൽ ചായാം ഇത്തിരി നേരം 
മാടി വിളിക്കും കാറ്റിനൊപ്പം 
ഇളകിയാടും ഇലകൾക്കൊപ്പം 
ഈ വഴിയോരം ഇരുളു വീഴും മുന്നേ

മകൻ

ആറ്റു നോറ്റവൻ ഉണ്ടായ നാൾ മുതൽ 
അല്ലലറിയാതെ പോറ്റിയവരെ 
മകനായി പിറന്നവൻ മറന്നേ പോയി 
മറുവാക്ക് ചൊല്ലി പിരിഞ്ഞേ പോയവൻ

തനിയെ യാത്ര ചെയ്യുമ്പോൾ

ഇരുളടഞ്ഞ പാതയിൽ 
ഇനിയുമെത്ര ദൂരം 
ഒരു നേർത്ത തിരിനാളത്തിനായ് 
അലയുന്നു തനിയെ 
ഈ ജീവിത വീഥിയിൽ 
ഒറ്റക്കൊരു യാത്ര പോകാം 
വിജനമാം വഴികളിലൂടെ 
പുതിയൊരു പാത തീർക്കാം 
ഇനിയും വന്നിടും ഇതുപോൽ 
ഏകയാം പഥിക്കാർക്കായ്
കുറിച്ചിടാം ശുഭയാത്ര...

രാത്രി

പൂനിലാവും പാലപ്പൂ മണവും 
പാതി വിടർന്നോരീ ആമ്പൽ പൂവും 
നിശയുടെ ആർദ്ര സംഗീതത്തിൽ 
നിദ്രയില്ലാതെൻ നിനവുകളും....

തിരയുന്ന ശരിയുത്തരം

അജ്ഞാതമാം ഈ ജീവിത വീഥിയിൽ 
അലയുന്നു നാം എന്തിനെന്നറിയാതെ 
ചോദ്യങ്ങൾ ആയിരം ചോദിക്കുന്നു സ്വയം 
ഉത്തരം കിട്ടാതുഴറുന്നു ഓരോ ജന്മത്തിലും 
കാലങ്ങൾ ഋതുക്കളായ് കൊഴിഞ്ഞിടുന്നു 
ചിന്തകൾക്കതീതം ഈ ജീവിത യാത്ര 
കർമ ഫലത്താൽ ബന്ധിതം 
തിരയുന്നു ശരിയാം ഉത്തരങ്ങൾ ഇനിയും 
നിലക്കാത്ത ചോദ്യങ്ങൾക്കായ്...

കടവത്തെ തോണി

കടവത്തെ തോണി 
കാൽക്കുറ്റിയിൽ കെട്ടിയിട്ടൊരു കടത്തു തോണി 
കാറ്റിലുലഞ്ഞും കുഞ്ഞോളങ്ങളിൽ തത്തി കളിച്ചും 
ഒറ്റക്കൊരു കൊച്ചു തോണി 
കാത്തുനിൽക്കും യാത്രക്കാരില്ല 
കാവലിനൊരു തോണിക്കാരനുമില്ല 
കാലം മറന്നു വച്ചപോൽ 
തുഴ മാത്രം ബാക്കിയായ്
അക്കരയുള്ളൊരു തീരം തൊടാൻ 
ഇനി ഉണ്ടോ ഒരു തോണിക്കാലം 
ഓർമ്മതൻ കടവത്തൊരു തോണി 
മറവിതൻ കാൽകുറ്റിയിൽ കെട്ടിയിട്ടൊരു കടത്തു തോണി

Sunday, September 22, 2024

ചെമ്പരത്തി

അഞ്ചു ചുവന്നിതളിൽ 
സുന്ദരിയായ് നില്പൂ... 
തൊടിയിലായ് 
വേലിക്കരികിലെവിടെയോ... 
മണമില്ലെങ്കിലും
 ഗുണമുണ്ടേറെ.. 
പൂവും ഇലയും 
കേശത്തിനുത്തമം 
എങ്കിലും നാട്ടാർ 
ചൊല്ലുന്നിവളെ 
എന്നും ഭ്രാന്തിൻ കൂട്ടായി... 
പരിഭവമില്ല പരാതിയില്ലാ... 
നിത്യം പൂക്കും ചെമ്പരത്തി.... 

Saturday, June 22, 2024

ഉറക്കത്തിന്റെ വില

വിമലാമ്മക്ക് വയസ്സ് പത്തു അറുപതായി എന്നാലും ഒരിടത്തു അടങ്ങി ഇരിക്കില്ല. രാവിലെ 4 മണിക്ക് എഴുന്നേൽക്കും. മുറ്റമടിക്കും പശൂനെ തൊഴുത്തിന്ന് മാറ്റി കെട്ടി കാടി കൊടുക്കും. അടുക്കളേൽ അല്ലറ ചില്ലറ പണികളൊക്കെ തീർക്കും എന്നിട്ട് കട്ടനും വച്ചിട്ട് കുളിക്കാൻ പോകും. എല്ലാരും പറയും മരുമകൾ രാധികക്ക് എന്ത് സുഖമാണെന്ന്. രാധികക്കും അത് അറിയാം അത്രക്ക് സ്നേഹം ആണ് അമ്മക്ക് മരുമോളോട്. 
വിമലാമ്മക്ക് മൂന്ന് മക്കളാണ്. മൂത്തവൻ വിനോദും ഭാര്യ രാധികയും രണ്ടു മക്കളും വിമലമ്മക്കൊപ്പമാണ്. മകൾ കല്യാണം കഴിഞ്ഞ് ചെന്നൈയിൽ ആണ്. ഇളയവൻ തിരുവനന്തപുരത്തും. ഈ ഇടയായി വിമലമ്മക്ക് വയ്യ. ഉറക്കം കുറവാണു. രാത്രി ഒരു മണിക്കോ രണ്ട് മണിക്കോ ഒക്കെ ആണ് ഒന്ന് മയങ്ങുന്നത്. എത്ര വൈകി കിടന്നാലും 4മണിക്ക് ഉണരേം ചെയ്യും.
അതിന്റെ ഷീണം ഉണ്ട്. എന്നാലും വെറുതെ ഇരിക്കില്ല. രാധിക എപ്പോഴും പറയും അമ്മ റസ്റ്റ്‌ എടുക്കെന്നു. പക്ഷെ വിമലാമ്മക്ക് അത് മാത്രം പറ്റില്ല.
ഉറക്കം കിട്ടാൻ ഒരുപാട് ഡോക്ടർമാരെ കണ്ടു മരുന്നും കഴിച്ചു. ഒരു രക്ഷേം ഇല്ല. ഉറക്കം എന്നോടോ എന്ന മട്ടിൽ മാറി നിന്നു.
അന്ന് രാവിലെ പശുവിന്റെ കരച്ചിൽ കേട്ടാണ് രാധിക ഉണർന്നത്. സമയം 6 മണി. "ഈ പശുകൾക്ക് എന്താ പറ്റിയെ".
രാധിക എഴുന്നേറ്റ് അടുക്കള വശത്തേക്ക് ചെന്നു. അടുക്കള വാതിൽ തുറന്നിട്ടില്ല. ലൈറ്റ് ഒന്നും ഓണാക്കിട്ടും ഇല്ല.
"ഇതെന്തു പറ്റി... അമ്മ എഴുന്നേറ്റില്ലേ". അവൾ പുറത്തേക്കിറങ്ങി തൊഴുത്തിലേക്കു നോക്കി.. അമ്മിണി പശു അപ്പോഴും തൊഴുത്തിൽ തന്നെ ഉണ്ട്.
അവൾ അകത്ത് കയറി അമ്മയുടെ 
മുറിയിലേക്ക് ചെന്നു. "അമ്മേ.... അമ്മേ.. അമ്മ എഴുന്നേറ്റില്ലേ.. എന്ത് പറ്റി.. അമ്മക്ക് വയ്യേ" അമ്മ വിളി കേട്ടില്ല. അവൾ അടുത്ത് ചെന്ന് കുലുക്കി വിളിച്ചു. വിമലാമ്മക്ക് അനക്കമില്ല. രാധിക അലറി വിളിച്ചു. "വിനോദേട്ടാ അമ്മ അനങ്ങുന്നില്ല". അവളുടെ അലർച്ച കേട്ട് വിനോദ് ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു. "എന്താ പറ്റിയെ. നീ എന്തിനാ അലറി വിളിച്ചേ"
"അമ്മ അനങ്ങുന്നില്ല. ഞാൻ കുറെ വിളിച്ചു. കുലുക്കി വിളിച്ചു. ഉണരുന്നില്ല" കേട്ട പാതി കേൾക്കാത്ത പാതി വിനോദ് അമ്മയുടെ അടുത്തേക്ക് ഓടി.
 "അമ്മേ... അമ്മേ....." അമ്മ ഉണർന്നില്ല. ഹൃദയം മിടിക്കുന്നുണ്ട്.. ശ്വാസം എടുക്കുന്നും ഉണ്ട്. 
വിനോദ് വേഗം സുഹൃത്തായ അശോകനെ വിളിച്ചു.. ആളൊരു ആംബുലൻസ് ഡ്രൈവർ ആണ്..
15 മിനിറ്റിനുള്ളിൽ അശോകൻ ആംബുലൻസുമായി എത്തി.
അതിനുള്ളിൽ തന്നെ അമ്മക്ക് വയ്യ എന്ന് ഇളയവൻ വിഷ്ണുനേം ചെന്നൈയിലെ വിദ്യേം വിളിച്ചു പറഞ്ഞു.
 ഹോസ്പിറ്റലിൽ ചെന്ന ഉടനെ വിമലാമ്മയെ ഐ സി യു വിൽ അഡ്മിറ്റാക്കി. ഓക്സിജൻ വച്ചു. ട്രിപ്പ്‌ ഇട്ടു. പിന്നെ അങ്ങോട്ട് ടെസ്റ്റ്‌കൾ ആയിരുന്നു. രക്ത മല മൂത്രങ്ങൾ എല്ലാം പരിശോധിച്ചു. ഒന്നിലും ഒരു പ്രശ്നോം ഇല്ല.
ഡോക്ടർ ആകെ കൺഫ്യൂഷനിൽ ആയി. വിനോദിനോട് പറഞ്ഞു "ഇനി ഒന്ന് ഫുൾ ബോഡി സ്കാൻ ചെയ്തു നോക്കാം" 
"എന്തെങ്കിലും ഒക്കെ ചെയ്ത് ഞങ്ങടെ അമ്മയെ തിരിച്ചു താ ഡോക്ടറെ". രാധിക കരഞ്ഞോണ്ട് പറഞ്ഞു.
വിദ്യ രാധികേടെ ഫോണിലേക്കു വിളിയോട് വിളി ആണ്. "അമ്മക്ക് ബോധം വന്നോ. ഡോക്ടർ എന്ത് പറഞ്ഞു. ഫ്ലൈറ്റ് ടിക്കറ്റ് കിട്ടാനില്ല. എന്നാലും കരിഞ്ഞന്തേന്ന് വാങ്ങിട്ടാണേലും ഞാൻ വരും. എനിക്കെന്റെ അമ്മേ കാണണം" 
അങ്ങനെ നീളുന്നു വിദ്യേടെ ഫോൺ വിളി.
വിഷ്ണു വിനോദിനെ ആണ് വിളിക്കുന്നേ. "ചേട്ടാ നമുക്ക് അമ്മേ വേറെ ഏതേലും സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ കൊണ്ടോവാം. തിരുവനന്തപുരത്തേക്ക് കൊണ്ടു വരാം."
"അതൊന്നും വേണ്ട. ഇവിടെ എല്ലാ സൗകര്യോം ഉണ്ട്". വിനോദ് പറഞ്ഞു.
സമയം പോയ്കൊണ്ടിരുന്നു. 10 മണി കഴിഞ്ഞപ്പോ ഡോക്ടർ വന്നു സ്കാനിങ്ങിന്റെ കാര്യം വിനോദിനോട് സംസാരിച്ചു. പെട്ടന്ന് നേഴ്സ് ഓടി വന്നു പറഞ്ഞു."പേഷ്യന്റിന് ബോധം വന്നു".
ഡോക്ടർ ചെല്ലുമ്പോ വിമലാമ്മ ഓക്സിജൻ മാസ്ക് ഒക്കെ മാറ്റി എഴുന്നേറ്റിരിക്കാണ്.
"ഞാൻ എവിടാ. എന്നെ ആരാ ഇങ്ങോട്ട് കൊണ്ടു വന്നത്"
"അമ്മ ഇപ്പൊ ഹോസ്പിറ്റലിൽ ആണ്. പേടിക്കണ്ട. ഒന്നും ഇല്ലാട്ടോ. മക്കളൊക്കെ പുറത്തുണ്ട്". ഡോക്ടർ പറഞ്ഞു.
"അല്ലേലും എനിക്കൊന്നും ഇല്ല. എന്റെ മക്കളെ ഇങ്ങു വിളിച്ചേ. അവരെന്തിനാ എന്നെ ഇവിടെ കൊണ്ടു വന്നേ"
ഡോക്ടർ വേഗം വിനോദിനേം രാധികേം അകത്തേക്ക് വിളിച്ചു. എഴുന്നേറ്റിരിക്കുന്ന അമ്മയെ കണ്ടപ്പോൾ തന്നെ അവർക്ക് സമാധാനമായി.
"നിങ്ങൾ എന്തിനാ എന്നെ ഇവിടെ കൊണ്ടുവന്നേ. എനിക്ക് എന്താ അസുഖം" 
"അമ്മ രാവിലെ വിളിച്ചിട്ട് ഉണരുന്നില്ലായിരുന്നു. ഞങ്ങൾ ആകെ പേടിച്ചു പോയി. അതാ ഇങ്ങോട്ട് കൊണ്ടു വന്നേ"
 "അയ്യോ പിള്ളേരെ ഞാൻ പറയാൻ മറന്നു. ഇന്നലെ ഞാൻ വൈദ്യനെ കാണാൻ പോയില്ലേ. ഉറക്ക കുറവിനു മരുന്ന് വാങ്ങാൻ."
 "ശരിയാണ്. അമ്മ ഇന്നലെ പോയിരുന്നു "
"വൈദ്യൻ എനിക്ക് മരുന്ന് തന്നിരുന്നു. അത് കഴിച്ചാൽ 12 മണിക്കൂർ സുഖായിട്ട് ഉറങ്ങും. വിളിച്ചാ പോലും എഴുന്നേൽക്കില്ല. മൂന്ന് ദിവസം കഴിച്ചാൽ പിന്നെ മരുന്നില്ലാതെ തന്നെ സാധാരണ ഉറക്കം കിട്ടൂന്ന വൈദ്യൻ പറഞ്ഞേ.
ഞാൻ ഇന്നലെ രാത്രി 10മണിക്ക് അതും കഴിച്ചോണ്ടാ കിടന്നേ. അതാ ഇന്ന് രാവിലെ 10മണിക്ക് ഞാൻ ഉണർന്നേ."
രാധികയും വിനോദും പരസ്പരം നോക്കി.
അപ്പോൾ ഡോക്ടർ വന്നു. അവരോട് പറഞ്ഞു "അമ്മക്ക് ഇപ്പൊ പ്രശ്നമൊന്നും ഇല്ല. സ്കാനിംഗ് കഴിഞ്ഞിട്ട് ബാക്കി നോക്കാം".
"എന്റെ പൊന്നു ഡോക്ടറെ ഞാൻ ഉറങ്ങി പോയതാ. അല്ലാതെ എനിക്ക് ഒരു കുഴപ്പോം ഇല്ല. എനിക്ക് വീട്ടിൽ പോയാ മതി. അമ്മിണി പശൂന് ഒന്നും കൊടുത്തിട്ടുണ്ടാവില്ല."
ഡോക്ടർ ആകെ കൺഫ്യൂസ്ഡ് ആയി. വിനോദ് അമ്മയെ ഡിസ്ചാർജ് ചെയ്തോളാൻ ഡോക്ടറോട് പറഞ്ഞു.
അങ്ങനെ ബില്ല് കിട്ടി.. 
ഇരുപത്തയ്യായിരം രൂപ.
ബില്ല് കണ്ട് വിനോദ് പറഞ്ഞു "അമ്മേടെ ഉറക്കത്തിന്റെ വില "
പിന്നെ രാധികയോട് വിദ്യയെ വിളിച്ചു വിവരം പറയാനും ഇങ്ങോട്ട് വരണ്ടാന്നും പറയാൻ പറഞ്ഞു. വീടെത്തി.. അന്ന് രാത്രി കിടക്കാൻ പോകുമ്പോ രാധിക അമ്മോട് ചോദിച്ചു.. "അമ്മേ ഇന്നും മരുന്ന് കഴിക്കുന്നുണ്ടോ."
വിമലാമ്മ "ഇല്ലേ..... ഉള്ള ഉറക്കം മതിയേ....".