Monday, December 28, 2015

ഒരു തണൽ



ഒരു തണൽ ഏകുമി മാമരത്തെ 
വെട്ടി അരിയും മാനുഷരേ 
വെട്ടാൻ ഉതകും ആ മഴുതൻ 
കൈപ്പിടി ആകാനും വേണം 
ഈ തരു തൻ തനു തന്നെ  

വെട്ടി നിരത്തും ഓരോ തരുവിലും 
ഒരായിരം ജീവിതം നിലകൊണ്ടിടുന്നു 
പൂവും പുഴുക്കളും അണ്ണാനും കിളികളും 
പേരറിയാത്ത പിന്നെയും ജീവികൾ 
വെട്ടുന്ന ഓരോ മരത്തിലും 
തച്ചുടക്കുന്നു നീ അവർ തൻ ജീവിതം 

തരിശായ് തീരുമീ ഭൂമിക്കു മേലെ 
നീ മാത്രമായ് തീരുന്ന നാൾ വന്നിടും 
ചുട്ടുപഴുക്കുന്ന മണ്ണിനു മേലെ 
ഒരുതരി തണലിനായ് നീ കേണിടും 
വരളുന്ന നാവിനു ദാഹ നീരിനായ് 

തിരയും ഒരിറ്റു ജീവജലത്തിനായ്  നീ 

മരമില്ല മഴയില്ല സഹജീവികളില്ലാതെ 
താങ്ങില്ല തണലില്ല തളിരുമില്ലാതെ 
പറയു നീ മർത്യ നിൻ ജീവിതമെങ്ങിനെ 
സാധ്യമീ ഭൂവിതിൽ.................

Saturday, December 26, 2015

നീ തന്ന പൊൻവസന്തം

വറ്റി വരണ്ട ഈ മരുഭൂമിയിലെക്കവൾ ഒരു കുളിർമഴയായ്‌ വന്നു. ഇല പൊഴിഞ്ഞ എന്റെ ജീവിതത്തിലേക്കവൾ ഒരു വസന്തം കൊണ്ടു തന്നു. ഒരിറ്റു ജീവജലത്തിനായ് ദാഹിച്ച  എനിക്കവൾ ഒരു മഴക്കാലം തന്നെ നല്കി.  എന്റെ ജീവിതം തന്നെ മാറിപോയി, അവളുടെ വരവോടെ.

ആരാണ് അവൾ എനിക്ക്.....  പറയാൻ വാക്കുകളില്ല......ഒന്നറിയാം..... എല്ലാം ആണ് അവൾ എനിക്ക്....... കൊഞ്ഞിക്കാൻ മകളായ്.... കളിക്കൂട്ടുകാരിയായി.... ഒത്തിരി പ്രണയിക്കാൻ പ്രണയിനി ആയി........ സങ്കടവും സന്തോഷവും പങ്കിടാൻ ജീവിപങ്കാളിയായി.......... എന്റെ ജീവന്റെ ജീവനായി.......... ജീവിതമായി........

അവൾ കൂടെ ഇല്ലാത്ത ഒരു നിമിഷം ഇനി വയ്യെനിക്ക്‌........ എന്റെ പൊന്നു.......... നീ ആണ്  ഇന്നെല്ലാം.......എന്നും എന്റെ കൂടെ ഉണ്ടാകണം.......

ഇല പൊഴിഞ്ഞൊരി ജീവിത വീഥിയിൽ 
നീ തന്ന  പൊൻവസന്തം 
മനസ്സു കുളിരാൻ  ഇനി എന്നും 
നീ നല്കിയ  പ്രണയമഴയും 
ഞാൻ അറിയാത്ത എന്നെ 
നീ അറിയുന്നു 
പറയാതെ പോലും 
അറിയുന്നു എൻ വാക്കുകൾ 
കേൾക്കാതെ  പോലും 
കേൾക്കുന്നു എൻ ഹൃദയ തുടിപ്പുകൾ  

Thursday, December 24, 2015

ഈ നിമിഷം

തിരമാലകൾ തീരത്തെ മെല്ലെ തഴുകി മറയുന്നു. തീരത്തിന്റെ ഹൃദയം വീണ്ടും കൊതിക്കുന്നു ആ തിരമാലകൾക്കായ്‌........ തീരത്തെ കരിങ്കൽ കെട്ടിനു മുകളിൽ തിരകളെ നോക്കി ഇരിക്കുമ്പോൾ എന്റെ മനസും ആശിച്ചു..... ഈ നിമിഷങ്ങൾ മായാതിരുന്നെങ്കിൽ........ ചാറ്റൽ മഴയിൽ തീരം കുളിരുന്നുണ്ടായിരുന്നു. അവൾ ഈ നെഞ്ചിൽ തല ചായ്ച്ചിരുന്നപ്പോൾ എന്റെ ഹൃദയത്തിലും ഒരു കുളിർ മഴ പെയ്യുന്നുണ്ടായിരുന്നു. സമയവും കാലവും കാത്തു നില്ക്കില്ല. എങ്കിലും ആശിച്ചുപോയി.... ഈ സന്ധ്യ മയങ്ങാതിരുന്നെങ്കിൽ....... ഈ രാവ് ഇരുളാതിരുന്നെങ്കിൽ...... ഇവൾ എന്നും ഇങ്ങനെ ഈ മാറിൽ തല  ചായ്ച്ചു അരികിൽ ഉണ്ടായിരുന്നെങ്കിലെന്നു...... പക്ഷെ സമയത്തെ എന്റെ  പ്രണയം കൊണ്ട് പിടിച്ചു നിർത്താനാവില്ലല്ലോ. പോകാൻ തുടങ്ങിയ  അവളുടെ മിഴികളിൽ ഞാൻ കണ്ടു രണ്ടു നീർത്തുള്ളികളെ...... ആ മിഴി നീരിൽ ഞാൻ അറിഞ്ഞു അവളുടെ മനസ്....... ആ പ്രണയം....... ആ വേദന..........
"എന്നിനി കാണും പ്രിയ തോഴി 
എന്നരികിൽ എന്നിനി നീ അണയും 
ഈ മാറിൽ തലചായ്ച്ചുറങ്ങാൻ 
കാത്തിരിപ്പു നിനക്കായ്‌ 
ഇനിയും ജന്മങ്ങളോളം "

Friday, December 18, 2015

പുതിയോരുദയം

മിഴികളിൽ ഉതിരുന്ന നീർകണങ്ങൾ 
ഉരുകുന്ന മനസിന്റെ മണിമുത്തുകൾ 
അടർന്നിന്നു വീണിട്ടും 
അറിയാതെ പോയതെന്ത്യേ .........

മനസ്സിൽ വിടരുന്ന 
നിറമുള്ളോരോർമകൾ 
ഒരു നിഴലായ് മറഞ്ഞങ്ങു പോയിട്ടും 
വിതുമ്പാതെ നിൽക്കുന്നു ഹൃദയം 

വിടർന്നിടുന്ന സ്വപ്ന മുകുളങ്ങളെല്ലാം 
ഇതളുകൾ മെല്ലെ അടർത്തിടുമ്പോഴും  
കാണുന്നു ദൂരെ എവിടെയോ 
ഒരു പ്രതീക്ഷതൻ തിരിനാളം 

ഇരുളും രാവിനും അപ്പുറം 
പുതിയൊരു സൂര്യോദയത്തിനായ് 
ഒരു പുത്തനുണർവിനായ് 
കാത്തിരിക്കാം ..........
 ഇനിയൊരു നാളേക്കായ് .......

നിന്റെ മാത്രം

ഒരു പ്രണയത്തിൻ നൂലിഴയിൽ 
കോർത്തു വച്ചു നിന്നെ എൻ ഹൃത്തിൽ 
താലിയിൽ കോർത്ത് നീ ആ 
പ്രണയത്തെ നിന്റെതാക്കി 
ആ പ്രണയ പൂങ്കാവനത്തിൽ  
പനിനീർ പൂക്കൾ പോൽ രണ്ടു 
കുഞ്ഞിളം തളിരുകൾ നല്കി നീ 
ധന്യമാക്കി ഇന്നെൻ ജീവിതം 
അറിയുക എൻ പ്രാണനാഥ 
അറിയുന്നു ഞാനിന്നു 
നിൻ പ്രണയമില്ലെങ്കിൽ, കരുതലില്ലെങ്കിൽ 
നിൻ കരളാലനയില്ലെങ്കിൽ, ഞാനില്ലയെന്നു 
കാലമെത്ര പോയ്മറഞ്ഞാലും 
ജന്മമെത്ര എടുത്താലും 
നിന്റെ നെഞ്ചിലെ ചൂടേറ്റു 
നിന്റെ മാത്രമായ് തീരണം 
എന്നും എന്നും എന്നും