തിരമാലകൾ തീരത്തെ മെല്ലെ തഴുകി മറയുന്നു. തീരത്തിന്റെ ഹൃദയം വീണ്ടും കൊതിക്കുന്നു ആ തിരമാലകൾക്കായ്. ജനലരികിൽ നിന്നുകൊണ്ട് തീരത്തെ കരിങ്കൽ കെട്ടിനു മുകളിൽ അടിച്ചു തിമിർക്കുന്ന തിരകളെ നോക്കി നിൽക്കുമ്പോൾ ഡോക്ടർ അരുണിമയുടെ മനസിലും തിരകൾ ഒഴിയാത്ത ഒരു കടൽ ഇരമ്പുന്നുണ്ടായിരുന്നു.
നൈറ്റ് ഡ്യൂട്ടിക്ക് വന്നപ്പോഴാണ് ഐ സി യു വിലെ രോഗികളുടെ ലിസ്റ്റിൽ ആ പേര് അവൾ കണ്ടത്. ശ്യാം ചന്ദ്രൻ.
അവൾ ഒന്ന് കൂടി നോക്കി ഉറപ്പു വരുത്തി. 'അതേ ഇത് അയാൾ തന്നെ.'
"ലിവർ സിറോസിസ് ആണ്. കിഡ്‌നിക്കും പ്രശ്നം ഉണ്ട്. " സിസ്റ്റർ മായ വിവരിച്ചു പറഞ്ഞു കൊടുത്തപ്പോൾ അവൾ ഓർത്തു. ഒരിക്കൽ താൻ പറഞ്ഞതാണ്. "ശ്യാം, കാലം നിന്നെ ഒരു രോഗിയായി എന്റെ മുന്നിൽ എത്തിക്കാതിരിക്കട്ടെ."
പക്ഷെ വിധി മറ്റൊന്നായിരുന്നു. ഈ അവസ്ഥയിൽ തന്റെ മുന്നിൽ തന്നെ എത്തിച്ചു.
പുറത്ത് ചാറ്റൽ മഴയിൽ തീരം കുളിരുന്നുണ്ടായിരുന്നു.
പഴയ ചില ഓർമ്മകൾ അവളെ മറ്റെവിടേക്കോ കൂട്ടികൊണ്ട് പോയി.
ഏഴാം ക്ലാസ്സിൽ വച്ചാണ് ശ്യാം ചന്ദ്രൻ എന്ന പയ്യൻ അവളുടെ സ്കൂളിലേക്കും ജീവിതത്തിലേക്കും കടന്ന് വരുന്നത്. പത്താം ക്ലാസ്സിൽ വന്നു ചേർന്ന പയ്യൻ. സ്കൂൾ ലീഡർ ആയപ്പോൾ മുതലാണ് അവൾ അവനെ ശ്രദ്ധിച്ചു തുടങ്ങിയത്.
വെറും സൗഹൃദത്തിൽ നിന്നും പ്രണയത്തിലേക്ക് ആ ബന്ധം വേഗം വളർന്നു.
പ്ലസ് ടു കഴിഞ്ഞ് അരുണിമ മെഡിസിന് ചേർന്നു, ശ്യാം ഡിപ്ലോമക്കും. അവൻ പഠിത്തം കഴിഞ്ഞ് ഗൾഫിലേക്ക് പോയി. അവൾ തന്റെ പഠനം തുടർന്നു.
ദൂരേക്ക് പോയെങ്കിലും വീഡിയോ കാളിലൂടെ അവർ എന്നും അടുത്ത് കൊണ്ടേയിരുന്നു.
പതുക്കെ പതുക്കെ അവന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ വരാൻ തുടങ്ങി. ആവശ്യത്തിൽ കൂടുതൽ പണം കൈയിൽ വന്നു തുടങ്ങിയപ്പോ മദ്യം അവനൊരു ഹരമായി തുടങ്ങി. കുടിച്ചാൽ പിന്നെ അവൻ അവളെ വാക്കുകൾ കൊണ്ട് വല്ലാതെ വേദനിപ്പിക്കുമായിരുന്നു. അവളെ എപ്പോ വിളിച്ചാലും കാൾ എടുക്കണം എന്നുള്ള പിടിവാശികളും മറ്റുമായി ഇടക്കിടെ വഴക്കുകൾ പതിവായി.
ഹൌസ് സർജറി തുടങ്ങിയെ പിന്നെ അവൾക്ക് തിരക്കായി. അതൊന്നും അവന് പറഞ്ഞാൽ മനസ്സിലാകില്ല. പല ഡോക്ടർമാരെയും ചേർത്ത് അവൻ ഓരോന്നും പറഞ്ഞ് പ്രശ്നങ്ങൾ ഉണ്ടാക്കും. അവൾക്ക് മനസിലായി അവന്റെ മദ്യപാനം കൂടുമ്പോഴാണ് ഈ സംസാരങ്ങൾ ഒക്കെ എന്ന്.
എങ്കിലും കുറെ ഒക്കെ അവൾ ക്ഷമിച്ചു. അത്രയേറെ ഇഷ്ടമായിരുന്നു അവനെ അരുണിമക്ക്.
അവളുടെ കോഴ്സ് തീർന്നു. അവൾക്കു നല്ലൊരു ഹോസ്പിറ്റലിൽ ഒരു ഓഫർ വന്നിരിക്കുന്ന സമയം. ആയിടക്ക് ശ്യാം ലീവിന് വന്നു. അവർ സാധാരണ പോകാറുള്ള കടൽ തീരത്തു പതിവുപോലെ പോയിരുന്നു.
അവന്റെ നെഞ്ചിൽ തല ചായ്ച്ചിരുന്നപ്പോൾ അവളുടെ ഹൃദയത്തിൽ ഒരു കുളിർ മഴ പെയ്തു. താൻ കൂടെ ഉണ്ടെങ്കിൽ എല്ലാം നേരെ ആക്കി എടുക്കാൻ കഴിയുമെന്ന് അവൾക്ക് തോന്നി.
"ഞാൻ നിന്റെ വീട്ടിൽ വന്നു പറയാൻ പോവാണ്. എന്നിട്ട് ലീവ് തീരും മുന്നേ കല്യാണം. പിന്നെ നമ്മൾ ഒരുമിച്ച് ഗൾഫിലേക്ക്." ശ്യാം പറഞ്ഞു കൊണ്ടിരുന്നു.
അരുണിമ ഒരു നിമിഷം അവന്റെ നെഞ്ചിൽ നിന്നും മുഖം ഉയർത്തി നോക്കി. "അപ്പൊ എന്റെ ജോലി. ഞാൻ പറഞ്ഞതല്ലേ എനിക്കിവിടെ ഹോസ്പിറ്റലിൽ ജോലി റെഡി ആയിട്ടുണ്ടെന്ന്."
"അത് നമുക്ക് വേണ്ട. അവിടെ പോയിട്ട് നോക്കാം."
"അത് വേണ്ട ശ്യാം. കുറച്ചു നാൾ ഇവിടെ നിൽക്കട്ടെ. ഒരു എക്സ്പീരിയൻസ് ആയിട്ട് പുറത്തു നോക്കാം."
"അതെന്താടി ഇവിടെ ഏതേലും ഡോക്ടർമാര് പറഞ്ഞോ കൂടെ വേണോന്ന്. എന്നെക്കാളും ഇത്രക്ക് ജോലി ആണോ നിനക്ക് വലുത്." പെട്ടെന്നായിരുന്നു അവന്റെ ഭാവം മാറിയത്.
"എന്തൊക്കെയാ ശ്യാം ഈ പറയുന്നേ. വാക്കുകൾ സൂക്ഷിച്ചു പറയണം."
അവന്റെ പെട്ടെന്നുള്ള ഭാവമാറ്റം അവളെ ഒന്ന് ഭയപ്പെടുത്തി എങ്കിലും അവൾ അങ്ങനെ വിട്ടു കൊടുക്കാൻ തയ്യാറല്ലായിരുന്നു.
വന്നപ്പോഴേ അവനെ മദ്യം മണക്കുന്നുണ്ടായിരുന്നു. എങ്കിലും കുറെ നാള് കൂടി കാണുന്നതല്ലേ, വെറുതെ ഒരു വഴക്ക് വേണ്ടല്ലോ എന്ന് കരുതിയാണു അവൾ ഒന്നും ചോദിക്കാതിരുന്നത്.
ഇപ്പൊ ശ്യാമിന്റെ പെരുമാറ്റം ആകെ മാറി.
"നിനക്ക് എന്റെ കൂടെ ജീവിക്കണോങ്കിൽ ഇപ്പൊ തീരുമാനം എടുക്കണം. ഒന്നുകിൽ ഗൾഫിലേക്ക്, അതല്ല ഇവിടെ കണ്ടവരുടെ കൂടെ നടക്കാൻ ആണെങ്കിൽ, മറന്നേക്ക് ഈ ബന്ധം."
അവൾ കരഞ്ഞുകൊണ്ട് എല്ലാം സമ്മതിക്കും എന്നാണ് ശ്യാം കണക്ക് കൂട്ടിയത്. പക്ഷെ അവളുടെ മറുപടി മറ്റൊന്നായിരുന്നു.
"ഇല്ല ശ്യാം. കിട്ടിയ ഈ ജോലി കളഞ്ഞിട്ട് നിന്റെ കൂടെ ഗൾഫിലേക്ക് ഞാൻ ഇല്ല. പിന്നെ നീ ഇങ്ങനെ കുടിച്ചു ജീവിക്കാനാണ് ഉദ്ദേശിച്ചേക്കുന്നതെങ്കിൽ കൂടെ ജീവിക്കുന്നതും എനിക്കൊന്ന് ആലോചിക്കണം."
ശ്യാമിനു ആ മറുപടി സഹിക്കാവുന്നത് ആയിരുന്നില്ല. അവൻ അവളുടെ കരണത്ത് ആഞ്ഞടിച്ചു.
അവൾക്ക് തല കറങ്ങും പോലെ തോന്നി. പെട്ടന്ന് തന്നെ അവൾ നേരെ നിന്നു. നിറഞ്ഞ കണ്ണുകളോടെ അവൾ അവനെ രൂക്ഷമായി നോക്കി.
"ഓക്കേ ഗുഡ് ബൈ ശ്യാം. ഇനി നമ്മൾ കാണില്ല. കുറെ ക്ഷമിച്ചു ഞാൻ. ഇത്രേം മതി. ഇതിൽ കൂടുതൽ വയ്യ സഹിക്കാൻ."
അവൾ തിരികെ പോകുന്നതും നോക്കി ദേഷ്യത്തോടെ ശ്യാം നിന്നു.
അവൻ അവളെ കുറെ തവണ വിളിച്ചു. അവൾ കാൾ എടുക്കാൻ കൂട്ടാക്കിയില്ല. കുറെ ആയപ്പോൾ അവൾ അവനെ ബ്ലോക്ക് ചെയ്തു.
രണ്ടു ദിവസം കഴിഞ്ഞ് ഹോസ്പിറ്റലിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞിറങ്ങുമ്പോഴാണ് അമ്മയുടെ വിളി 'വേഗം എത്തണേ മോളെ'
വീടെത്തിയപ്പോഴാണ് ശ്യാമും വീട്ടുകാരും കൂടി അവളെ കാണാൻ വന്നിരിക്കുന്നത് അവൾ അറിഞ്ഞത്.
"മോളെ പറ്റി ഇവൻ ഒരുപാട് പറഞ്ഞിട്ടുണ്ട്. എന്തായാലും ഇപ്പോഴെങ്കിലും ഇവന് നല്ല ബുദ്ധി തോന്നിയല്ലോ." ശ്യാമിന്റെ അമ്മയാണ്.
ശ്യാം അവളുടെ മുഖത്ത് നോക്കി ഒരു വിജയ ചിരി ചിരിച്ചു.
അവൾ അകത്തേക്ക് ചെന്നു കൂടെ അമ്മയും അച്ഛനും.
"മോൾക്ക് ഇങ്ങനൊരു ഇഷ്ടം ഉണ്ടെന്ന് പറഞ്ഞിരുന്നെങ്കിൽ ഞങ്ങൾ എതിർക്കില്ലല്ലോ. ശ്യാം ആണെങ്കിൽ നല്ല പയ്യനും. ഞങ്ങൾക്ക് ഇഷ്ടമായി."
"പക്ഷെ എനിക്കിഷ്ടമല്ല."
അരുണിമയുടെ മറുപടി കേട്ടു അവർ പരസ്പരം നോക്കി.
"നീ എന്താ മോളെ ഇങ്ങനെ പറയുന്നേ. നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാണെന്ന് ശ്യാം പറഞ്ഞതോ." അച്ഛൻ അമ്പരപ്പോടെ ചോദിച്ചു.
"ആയിരുന്നു. ഒരുപാട് ഇഷ്ടം ആയിരുന്നു. പക്ഷെ ഇപ്പോ ആ ഇഷ്ടം ഇല്ല. ഇല്ലാതാക്കി."
"നിങ്ങൾ തമ്മിൽ എന്തെങ്കിലും ചെറിയ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പറഞ്ഞു തീർക്കു മോളെ. അല്ലാതെ ഇങ്ങനൊക്കെ പറയണോ " അമ്മയാണ്.
അമ്മക്ക് ശ്യാമിനെ പണ്ടേ അറിയാം. അത് പക്ഷെ പഴയ ശ്യാമിനെ ആയിരുന്നു.
"പഴയ ശ്യാം അല്ല ഇപ്പൊ. അമ്മ എന്റെ ഈ മുഖം കണ്ടോ. ഇത് ഇന്നലെ അവൻ തന്ന സമ്മാനം ആണ്." അവൾ ഇത്രയും നാളത്തെ കാര്യങ്ങൾ എല്ലാം അവരോട് പറഞ്ഞു.
അവൾ പതുക്കെ ശ്യാമിന്റെ വീട്ടുകാരുടെ മുന്നിലേക്ക് ചെന്നു.
"അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണം. എനിക്ക് ഈ ബന്ധത്തിന് താല്പര്യം ഇല്ല."
"അയ്യോ! മോള് എന്താ ഇങ്ങനെ പറയുന്നേ. നിങ്ങൾ തമ്മിൽ...."
"ഇഷ്ടമായിരുന്നു. ഇപ്പൊ ആ ഇഷ്ടം ഇല്ല. അമ്മേടെ മകന്റെ കൂടെ ജീവിക്കാൻ എനിക്ക് പറ്റില്ല. ഒരുപാട് സഹിച്ചു. ഇനി വയ്യ. അമ്മേടെ മകൻ ആ പഴയ ആളല്ല. ഒരുപാട് മാറിപ്പോയി. ഞാൻ സ്നേഹിച്ച ശ്യാം ഇതല്ല."
"നിനക്ക് ഇപ്പോഴും പിണക്കം ആണോ. അത് ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് ചെയ്തത് അല്ലേ. നീ ക്ഷമിക്ക്."
"ഇല്ല ശ്യം. ഇനി ഇത് മുന്നോട്ട് കൊണ്ടുപോകാൻ എനിക്ക് താല്പര്യം ഇല്ല."
ശ്യാമിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. അവളുടെ നേരെ ചെന്ന് അവൻ പറഞ്ഞു.
"എടീ, നീ ആരാന്നാ നിന്റെ വിചാരം. നീ ഇതിനു അനുഭവിക്കും. നോക്കിക്കോ."
ശ്യാമിന്റെ അച്ഛൻ പെട്ടെന്ന് അവനെ പിടിച്ചു നിർത്തി.
"ശ്യാം, മതി. അവൾക്ക് താല്പര്യം ഇല്ലെന്നു പറഞ്ഞില്ലേ. ഇനി ഇറങ്ങാം. ശരി മോളെ. ഞങ്ങൾ ഇറങ്ങുന്നു."
അതിനു ശേഷം ഒരിക്കൽ കൂടി അവൾ അവനെ കണ്ടു. ഒരു സുഹൃത്തിന്റെ കല്യാണ റിസപ്ഷനിൽ വച്ച്. നല്ല പോലെ മദ്യപിച്ചു ലക്ക് കെട്ട അവസ്ഥയിൽ അവളോട് എന്തൊക്കെയോ പറഞ്ഞു അവൻ. എല്ലാരുടേം മുന്നിൽ വല്ലാതെ അപമാനിക്കപെട്ടു അവൾ. സങ്കടത്തോടെ
അന്ന് അവൾ പറഞ്ഞ വാക്കുകൾ ആണ് "ഈ കുടി നല്ലതിനല്ല ശ്യാം. കാലം നിന്നെ ഒരു രോഗിയായി എന്റെ മുന്നിൽ എത്തിക്കാതിരിക്കട്ടെ."
വർഷങ്ങൾ പലതും കഴിഞ്ഞു. പിന്നീട് ഒരിക്കലും അവനെ കാണാൻ ഇടവന്നിട്ടില്ല. അവന്റെ വിവാഹം കഴിഞ്ഞ കാര്യം ഒരിക്കൽ അമ്മ പറഞ്ഞു അറിഞ്ഞിരുന്നു.
ഇപ്പൊ ഇങ്ങനൊരു അവസ്ഥയിൽ വീണ്ടും കണ്ടു മുട്ടിയപ്പോൾ ഉള്ളിൽ എന്തോ ഒരു നീറ്റൽ.
അവന്റെ ഭാര്യ മാത്രമേ കൂടെ ഉണ്ടായിരുന്നുള്ളു. അച്ഛനും അമ്മയും വന്നിട്ട് പോയെന്നു ആ കുട്ടി നഴ്സിനോട് പറയുന്നത് കേട്ടിരുന്നു.
ഡോക്ടർ അരുണിമ ആയി മുന്നിൽ ചെന്നപ്പോൾ അവൻ മയക്കത്തിൽ ആയിരുന്നു. "ഉണർന്നിരുന്നെങ്കിൽ അവൻ എങ്ങനെ പ്രതികരിക്കും, ദേഷ്യപ്പെടുമോ, അതോ സ്നേഹം ആയിരിക്കോ. അറിയില്ല" അവൾ എന്തൊക്കെയോ ചിന്തിച്ചു. "അല്ല എങ്ങനെ ആയാലും തനിക്ക് എന്താ. താൻ ഇപ്പൊ ഇവിടുത്തെ ഡോക്ടർ ആണ്. അങ്ങനെ നിന്നാ മതി." അവൾ മനസ്സിൽ പറഞ്ഞു.
"ഡോക്ടർ ഒന്ന് വേഗം വരണേ"
നഴ്സിന്റെ ശബ്ദം അരുണിമയെ ഓർമകളിൽ നിന്നും ഉണർത്തി.
അവൾ വേഗം നഴ്സിനൊപ്പം ചെന്നു.
വേഗത്തിൽ മിടിക്കുന്ന ഹൃദയതാളത്തെ പിടിച്ചു നിർത്താൻ വേണ്ടതൊക്കെ ചെയ്തു. ഇടക്കെപ്പോഴോ ശ്യാം കണ്ണുകൾ തുറന്നു. മുന്നിൽ അരുണിമയെ കണ്ടപ്പോൾ ആ മിഴികളിൽ ഒരു തിളക്കം. വിറക്കുന്ന അവന്റെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു. "ആരു..." അവൾ അവനെ ഒന്ന് നോക്കി.
അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. അവസാനത്തെ പുഞ്ചിരി.
ശ്രമങ്ങൾ ഒക്കെ വിഫലമാക്കി ആ രാത്രിയുടെ അവസാന നിമിഷങ്ങളിൽ അവന്റെ ജീവന്റെ നാളം നിലച്ചു. അപ്പോഴും ചുണ്ടിൽ ആ പുഞ്ചിരി ബാക്കി ഉണ്ടായിരുന്നു.
പുറത്ത് കാത്തിരിക്കുന്ന അവന്റെ ഭാര്യയോട് എന്ത് പറയണമെന്ന് അറിയാതെ അരുണിമ ഒരു നിമിഷം നിന്നു. ഡോക്ടറുടെ കടമകൾ എല്ലാം കഴിഞ്ഞ്
വീണ്ടും ആ ജനാലക്കരികിൽ തിരമാലകളെ നോക്കി അവൾ നിന്നു.
പുറത്ത് മഴ പെയ്യുന്നു. അവളുടെ മിഴികളും പെയ്തു കൊണ്ടിരുന്നു. എന്തിനെന്നറിയാതെ.
No comments:
Post a Comment