Saturday, July 22, 2017

"ആയുഷ്മാൻ ഭവ:"

നന്ദിനി നടത്തത്തിനു വേഗത കൂട്ടി .... ഇന്ന് നേരം ഒരുപാട് വൈകി .....
പാലം ഇറങ്ങി കഴിഞ്ഞപ്പോ അവൾ മെല്ലെ തിരിഞ്ഞു നോക്കി .
'ഇയാള് ഇന്നും ഉണ്ടോ പിന്നാലെ . ഇതിപ്പോ മൂന്നാലു ദിവസായല്ലോ . ഇന്ന് ചോദിച്ചിട്ടു തന്നെ കാര്യം.'
അവൾ തിരഞ്ഞു നിന്നു .
" എന്താ ഇയാളുടെ ഉദ്ദേശം. മൂന്നാലു ദിവസായല്ലോ പിന്നാലെ. ജോലിം കൂലീം ഇല്ലാതെ കുറെയെണ്ണം ഇറങ്ങിക്കോളും . പെമ്പിള്ളേർടെ പിന്നാലെ. വീട്ടുകാർക്ക് പോലും പ്രയോജനം ഇല്ലാതെ. ഇനിം എൻ്റെ പിന്നാലെ വന്നാൽ കാലു തല്ലി ഓടിക്കും ഞാൻ ". നന്ദിനി ദേഷ്യത്തോടെ തിരിഞ്ഞു നടന്നു.
" ഏയ് ഒന്ന് നിക്കാഡോ"... വിഷ്ണു വിളിച്ചു ..നന്ദിനി ;കേൾക്കാത്ത മട്ടിൽ നടന്നു..
"ഒന്ന് നില്ക്കു നന്ദു . എനിക്ക് പറയാനുള്ളത് കേട്ടിട്ട് പൊയ്ക്കോളൂ. പ്ളീസ്."
നന്ദിനി തിരിഞ്ഞു നിന്നു . " ഉം .  എന്താവോ പറയാനുള്ളത്"
" എൻ്റെ ഉദ്ദേശം എന്താന്ന് അറിയണ്ടേ തനിക്ക്. താൻ എന്റൂടെ പോരുന്നൊന്നു ചോദിക്കാനായിരുന്നു എന്റെ പെണ്ണായിട്ട്."
" ഡോ.താൻ.." നന്ദിനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.
" ഞാൻ പറഞ്ഞോട്ടെ.. തൻ പറഞ്ഞതു മുഴുവൻ ഞാൻ കേട്ടില്ലേ. ഇനി എനിക്ക് പറയാനുള്ളത് മിണ്ടാതെ കേൾക്ക."
" താൻ പറഞ്ഞപോലെ ജോലിം കൂലീം ഇല്ലാതാവനല്ലാട്ടോ." പോക്കറ്റിൽ നിന്നും ഐഡി കാർഡ് എടുത്തു കാണിച്ചു അവൻ " ഒരു പട്ടാളക്കാരൻ ആണ്.ഇപ്പൊ ലീവിലാണ്.വിളി വന്നാ അപ്പൊ പോണം. വീട്ടുകാരേക്കാൾകൂടുതൽ സേവിക്കണത് രാജ്യത്തെയാണ്... അതുകൊണ്ടു തന്നെ തന്റേടിയായ ഒരു പെണ്ണിനെ കൂട്ടുവേണോന്ന് ആഗ്രഹം.."
നന്ദിനി എല്ലാം കേട്ടുകൊണ്ട് നിന്നു
" ഒരു ഗ്യാരണ്ടീ ഇല്ലാത്ത ലൈഫ് ആണ്.. ഞാൻ ഇല്ലാതായാലും എന്റെ അച്ഛനും അമ്മയ്ക്കും താങ്ങാവാൻ കരുത്തുള്ള ഒരു പെണ്ണ്.... തനിക്കു കഴിയും. കഴിഞ്ഞ ദിവസ്സം കവലയിലെ പൂവാലന്മാരെ കൈകാര്യം ചെയ്തത് കണ്ടപ്പോഴേ ഞാൻ അത് ഉറപ്പിച്ചു. മൂന്നാലു ദിവസായി ഇതൊക്കെ ഒന്ന് പറയാൻ പിന്നാലെ വരുന്നത്... നാളെ തന്നെ അച്ഛനേം അമ്മേം കൂടി ഞാൻ വരുന്നുണ്ട് . ഇയാളുടെ വീട്ടിലേക്കു . പെണ്ണ് ചോദിയ്ക്കാൻ"
ഒരു പുഞ്ചിരി നൽകി വിഷ്ണു തിരികെ നടന്നു...
ഒരുപാടു പേര് പിന്നാലെ നടന്നിട്ടുണ്ട്. തൻ്റെ തന്റേടത്തിനു മുന്നിൽ അവരൊക്കെ പിന്മാറിട്ടേ ഉള്ളു.. പക്ഷെ ഇതുപോലൊന്ന്... .ഇതാദ്യം. നന്ദിനി ചലിക്കാനാവാതെ നിന്നുപോയി.
" നന്ദിനീ .... നീ എന്തെടുക്കാണ്"...
നന്ദിനി ഞെട്ടി ഉണർന്നു . ഓർമകളിൽ നിന്നും ... ചെരാതിൻ ഇത്തിരി വെട്ടത്തിനു മുന്നിൽ പൂമാല ചാർത്തി വിഷ്ണുവിന്റെ ചിത്രം. വർഷങ്ങൾ എത്ര വേഗമാണ് കടന്നു പോയത്. ' വിഷ്ണു ഏട്ടൻ ഓർമ്മയായിട്ട് 20 വർഷം. ഇന്ന് നമ്മുടെ മകനും അതിർത്തിക്ക് കാവലാകാൻ യാത്രയാവുകയാണ്.'  അവൾ ആ ചിത്രത്തിൽ നോക്കി നിന്നു.
"അമ്മേ.. എനിക്കിറങ്ങാൻ സമയമായീട്ടോ". അനന്തുവിന്റെ  വിളി കേട്ടു നന്ദിനി പൂമുഖത്തേക്കു  ചെന്നു. അവൻ അമ്മയുടെ കാൽ തൊട്ടു വന്ദിച്ചു അനന്തു യാത്രയായ്.
അവൻ കാഴ്ചയിൽ നിന്നും മറയും വരെ നന്ദിനി പടിവാതിൽക്കൽ നോക്കി നിന്നു. മനസ്സിൽ മകന് വേണ്ടി മന്ത്രിച്ചു കൊണ്ട് ...
"ആയുഷ്മാൻ ഭവ:"....

Thursday, June 29, 2017

ഇനിയുമീ തറവാടിൻ മുറ്റത്ത്



ദൂരെ കാണുന്നു ഒറ്റയടിപ്പാത
പാതക്കപ്പുറം പുഞ്ചപ്പാടം
പാടവരമ്പും പടിക്കെട്ടും
കടന്നെത്തിടുന്നതോ
പഴയൊരാ തറവാടിൻ മുറ്റത്ത്

പിച്ച നടന്നതും ഓടിക്കളിച്ചതും
കാൽ തട്ടി വീണപ്പോൾ തേങ്ങി കരഞ്ഞതും
ഇന്നുമീ മൺതരികൾക്കോർമയുണ്ടോ

കാച്ചെണ്ണ മണമുള്ള 'അമ്മ തൻ
ശ്രീത്വം തുളുമ്പുമാ വദനം
കണികണ്ടുണർന്ന പുലരികളും

'അമ്മ കൊളുത്തും നിലവിളക്കിനു
ചാരത്തിരുന്നു
നാമം ചൊല്ലിയ സന്ധ്യകളും

പൂമുഖത്തു ചാരുകസേരയിൽ ഇരുന്നച്ഛൻ
കഥ പറഞ്ഞുറക്കിയ രാവുകളും

ഇനിയെവിടെ തിരയും ഞാൻ
തിരികെ ലഭിക്കാനായ്
ഹൃദയത്തിൽ സൂക്ഷിക്കുമീ ഓർമ്മകൾ

സ്നേഹം നിറഞ്ഞോരീ തറവാടിൻ
പൂമുഖത്തിന്നൊഴിഞ്ഞൊരാ
ചാരു കസേര മാത്രം
അകത്തളങ്ങളിൽ നിറയുന്നതോ
കാച്ചെണ്ണ തൻ വാത്സല്യ-
മൂറുന്നൊരോർമകൾ മാത്രം

വേണമിനിയുമൊരു ബാല്യവും കൗമാരവും
ഈ തറവാടിൻ മുറ്റത്തു തന്നെ
അമ്മതൻ കുഞ്ഞായിരിക്കണമിനിയും
അച്ഛൻറെ വാത്സല്യം നുകർന്നിടേണം

ഇനിയുമീ ഓർമകൾക്ക്  ജീവനേകാൻ
കാലചക്രമേ തിരിച്ചൊന്നു കറങ്ങിടുമോ ..

Friday, May 12, 2017

ഓ൪മ്മകൾക്കൊരു ചിത.....

ഓർമകൾ........  നീയും ഞാനുമുളള ഓ൪മ്മകൾ......
മറവിയുടെ കുഴിമാടത്തിൽ മറവു ചെയ്യപ്പെട്ടവ....
എന്തിനു നീ അവ പുറത്തെടുത്തു.....  നിൻ സ്നേഹത്താൽ ജീവനേകി ..
എന്നിട്ടെന്തിനീ പാതി വഴിയിൽ....  മറിവിതൻ മരവിപ്പിലേക്ക് വീണ്ടും തള്ളിയിട്ടു......
ശ്രമിക്കാം....  ഇനിയും ചിതയൊരുക്കാ൦.... ആ ഓർമ്മകൾക്കായ്......  വെന്തുനീറുവാ൯....
ഒരു തരി ചാര൦ പോലും ബാക്കി വയ്ക്കാതിരിക്കാ൦.....
പക്ഷേ................
വരരുതിനി നീ ഈ വഴിത്താരയിൽ.....  ഇനിയും ചികഞ്ഞെടുക്കാ൯......
ആവില്ലെനിക്കിനിയു൦ മരണം വിധിക്കാൻ...... ആ ഓർമ്മകൾക്കായ് ഇനിയും ജീവനേകിയാൽ.....
വരരുതിനി നീയീ വഴിത്താരയിൽ....... 
ഇനിയൊരു പുനർജന്മത്തിനായ്....  മറക്കുക നീ മറക്കുക....  ഓർമ്മകൾ തൻ ആ വഴിത്താരകളെല്ലാ൦...... 
ആത്മാവിൽ ഒരു പിടി ചാരമായ് അവ എരിഞ്ഞടങ്ങട്ടെ......
എന്നെന്നേക്കുമായ്.......