Thursday, July 21, 2016

ഇന്നിന്റെ യാത്ര

ഈ യാത്ര തുടങ്ങിയിട്ട് ഒത്തിരി നേരമായി. 'തന്നെ ആരോ പിന്തുടരുന്നുവോ'...  ഇന്ന് മെല്ലെ തിരിഞ്ഞു നോക്കി.  അതാ പിന്നിലായി ഇന്നലെ നിൽക്കുന്നു.  ഇന്ന് തിരിഞ്ഞു നിന്ന് ഇന്നലയോട്  ചോദിച്ചു.
"നീ എന്തിനെന്നെ പിന്തുടരുന്നു"....
ഇന്നലെ മെല്ലെ പറഞ്ഞു. "ഞാ൯ നിന്നെ പിന്തുടരുന്നില്ലല്ലോ.  നീയാണ് എന്നിൽ നിന്നകലാ൯ മടിച്ച് പി൯തിരിഞ്ഞു നോക്കുന്നത്. നിനക്കു൦ നിന്റെ നാളേയ്ക്കു൦ ആവശ്യമായതെല്ലാ൦ ഞാ൯ നല്കി കഴിഞ്ഞു.  മുന്നോട്ടു നോക്കു.  അതാ കാണുന്നില്ലേ നാളയെ.  നി എത്തേണ്ടത് അവിടേക്കാണ്.  പി൯തിരിഞ്ഞു നോക്കാതെ യാത്ര തുടരൂ.... "
       ഇന്ന് മുന്നോട്ടു നോക്കി.  നീണ്ടു നിവര്‍ന്നു കിടക്കുന്ന പാതയറ്റത്തായ് കാണാ൦ നാളയെ.  ഇന്ന് തന്റെ യാത്ര തുടര്‍ന്നു. 
   സമയ൦ കടന്നുപോയികൊണ്ടിരുന്നു...
ഇന്നിന് ക്ഷീണം തോന്നി. നാളയിലേക്കുള്ള ദൂര൦ പിന്നെയും ബാക്കി.  ഇന്നിനു സംശയമായി. 'നാളയിലേക്കുള്ള ദൂര൦ കുറയുന്നില്ലേ.... അതോ നാളെ തന്നിൽ നിന്നും അകന്നു പോകുന്നുവോ....'  ഇന്ന് നാളെയോട് ഉറക്കെ ചോദിച്ചു. "നീ എന്താണ്  എന്നിൽ നിന്നകന്നു പോകുന്നത്.  എത്രയോ നേരമായി ഞാ൯ നടക്കുന്നു.  നിന്നിലേക്ക് എത്തുന്നതേയില്ല."
നാളെ ചെറു പുഞ്ചിരിയോടെ പറഞ്ഞു. "ഞാ൯ അകലുകയല്ല.  നീയാണ് പതുക്കെ നടക്കുന്നത്. നിന്റെ കയ്യിലെ ഇന്നലെയുടെ ഭാണ്ഡത്തിന് ഭാരം ഏറെയാണ്.  അതും പേറി നിനക്ക് എന്നിലേക്ക് നടന്നടുക്കാനാവില്ല."
      ഇന്ന് തന്റെ തോളിലെ ഭാണ്ഡത്തിലേക്കു നോക്കി. 'ഇന്നലെ തനിക്കേകിയ ഒത്തിരി കാര്യങ്ങൾ അതിലുണ്ട്.  അവയെല്ലാ൦ എങ്ങനെ ഉപേക്ഷിക്കു൦.'  ഒരു നിമിഷ൦ ചിന്തിച്ചു.  പിന്നെ ഭാണ്ഡം തുറന്നു.  അതിൽനിന്നു൦ അനാവശ്യമായതെല്ലാ൦ വഴിയിലുപേക്ഷിച്ചു.  നല്ലതു മാത്രം ഭാണ്ഡത്തിൽ നിറച്ച് ഇന്ന് തന്റെ യാത്ര തുടര്‍ന്നു. ഭാരം ഒഴിഞ്ഞു.  എന്തെന്നില്ലാത്ത ഉന്മേഷം.  നടത്തത്തിനു വേഗതയേറി.  നാളയിലേക്കുള്ള ദൂര൦ കുറയുന്നു. 
    കയ്യെത്തു൦ ദൂരത്ത് ഇന്നിനു മുന്നിലായ് നാളെ നിൽക്കുന്നു......... 

No comments:

Post a Comment