Saturday, June 22, 2024

ഉറക്കത്തിന്റെ വില

വിമലാമ്മക്ക് വയസ്സ് പത്തു അറുപതായി എന്നാലും ഒരിടത്തു അടങ്ങി ഇരിക്കില്ല. രാവിലെ 4 മണിക്ക് എഴുന്നേൽക്കും. മുറ്റമടിക്കും പശൂനെ തൊഴുത്തിന്ന് മാറ്റി കെട്ടി കാടി കൊടുക്കും. അടുക്കളേൽ അല്ലറ ചില്ലറ പണികളൊക്കെ തീർക്കും എന്നിട്ട് കട്ടനും വച്ചിട്ട് കുളിക്കാൻ പോകും. എല്ലാരും പറയും മരുമകൾ രാധികക്ക് എന്ത് സുഖമാണെന്ന്. രാധികക്കും അത് അറിയാം അത്രക്ക് സ്നേഹം ആണ് അമ്മക്ക് മരുമോളോട്. 
വിമലാമ്മക്ക് മൂന്ന് മക്കളാണ്. മൂത്തവൻ വിനോദും ഭാര്യ രാധികയും രണ്ടു മക്കളും വിമലമ്മക്കൊപ്പമാണ്. മകൾ കല്യാണം കഴിഞ്ഞ് ചെന്നൈയിൽ ആണ്. ഇളയവൻ തിരുവനന്തപുരത്തും. ഈ ഇടയായി വിമലമ്മക്ക് വയ്യ. ഉറക്കം കുറവാണു. രാത്രി ഒരു മണിക്കോ രണ്ട് മണിക്കോ ഒക്കെ ആണ് ഒന്ന് മയങ്ങുന്നത്. എത്ര വൈകി കിടന്നാലും 4മണിക്ക് ഉണരേം ചെയ്യും.
അതിന്റെ ഷീണം ഉണ്ട്. എന്നാലും വെറുതെ ഇരിക്കില്ല. രാധിക എപ്പോഴും പറയും അമ്മ റസ്റ്റ്‌ എടുക്കെന്നു. പക്ഷെ വിമലാമ്മക്ക് അത് മാത്രം പറ്റില്ല.
ഉറക്കം കിട്ടാൻ ഒരുപാട് ഡോക്ടർമാരെ കണ്ടു മരുന്നും കഴിച്ചു. ഒരു രക്ഷേം ഇല്ല. ഉറക്കം എന്നോടോ എന്ന മട്ടിൽ മാറി നിന്നു.
അന്ന് രാവിലെ പശുവിന്റെ കരച്ചിൽ കേട്ടാണ് രാധിക ഉണർന്നത്. സമയം 6 മണി. "ഈ പശുകൾക്ക് എന്താ പറ്റിയെ".
രാധിക എഴുന്നേറ്റ് അടുക്കള വശത്തേക്ക് ചെന്നു. അടുക്കള വാതിൽ തുറന്നിട്ടില്ല. ലൈറ്റ് ഒന്നും ഓണാക്കിട്ടും ഇല്ല.
"ഇതെന്തു പറ്റി... അമ്മ എഴുന്നേറ്റില്ലേ". അവൾ പുറത്തേക്കിറങ്ങി തൊഴുത്തിലേക്കു നോക്കി.. അമ്മിണി പശു അപ്പോഴും തൊഴുത്തിൽ തന്നെ ഉണ്ട്.
അവൾ അകത്ത് കയറി അമ്മയുടെ 
മുറിയിലേക്ക് ചെന്നു. "അമ്മേ.... അമ്മേ.. അമ്മ എഴുന്നേറ്റില്ലേ.. എന്ത് പറ്റി.. അമ്മക്ക് വയ്യേ" അമ്മ വിളി കേട്ടില്ല. അവൾ അടുത്ത് ചെന്ന് കുലുക്കി വിളിച്ചു. വിമലാമ്മക്ക് അനക്കമില്ല. രാധിക അലറി വിളിച്ചു. "വിനോദേട്ടാ അമ്മ അനങ്ങുന്നില്ല". അവളുടെ അലർച്ച കേട്ട് വിനോദ് ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു. "എന്താ പറ്റിയെ. നീ എന്തിനാ അലറി വിളിച്ചേ"
"അമ്മ അനങ്ങുന്നില്ല. ഞാൻ കുറെ വിളിച്ചു. കുലുക്കി വിളിച്ചു. ഉണരുന്നില്ല" കേട്ട പാതി കേൾക്കാത്ത പാതി വിനോദ് അമ്മയുടെ അടുത്തേക്ക് ഓടി.
 "അമ്മേ... അമ്മേ....." അമ്മ ഉണർന്നില്ല. ഹൃദയം മിടിക്കുന്നുണ്ട്.. ശ്വാസം എടുക്കുന്നും ഉണ്ട്. 
വിനോദ് വേഗം സുഹൃത്തായ അശോകനെ വിളിച്ചു.. ആളൊരു ആംബുലൻസ് ഡ്രൈവർ ആണ്..
15 മിനിറ്റിനുള്ളിൽ അശോകൻ ആംബുലൻസുമായി എത്തി.
അതിനുള്ളിൽ തന്നെ അമ്മക്ക് വയ്യ എന്ന് ഇളയവൻ വിഷ്ണുനേം ചെന്നൈയിലെ വിദ്യേം വിളിച്ചു പറഞ്ഞു.
 ഹോസ്പിറ്റലിൽ ചെന്ന ഉടനെ വിമലാമ്മയെ ഐ സി യു വിൽ അഡ്മിറ്റാക്കി. ഓക്സിജൻ വച്ചു. ട്രിപ്പ്‌ ഇട്ടു. പിന്നെ അങ്ങോട്ട് ടെസ്റ്റ്‌കൾ ആയിരുന്നു. രക്ത മല മൂത്രങ്ങൾ എല്ലാം പരിശോധിച്ചു. ഒന്നിലും ഒരു പ്രശ്നോം ഇല്ല.
ഡോക്ടർ ആകെ കൺഫ്യൂഷനിൽ ആയി. വിനോദിനോട് പറഞ്ഞു "ഇനി ഒന്ന് ഫുൾ ബോഡി സ്കാൻ ചെയ്തു നോക്കാം" 
"എന്തെങ്കിലും ഒക്കെ ചെയ്ത് ഞങ്ങടെ അമ്മയെ തിരിച്ചു താ ഡോക്ടറെ". രാധിക കരഞ്ഞോണ്ട് പറഞ്ഞു.
വിദ്യ രാധികേടെ ഫോണിലേക്കു വിളിയോട് വിളി ആണ്. "അമ്മക്ക് ബോധം വന്നോ. ഡോക്ടർ എന്ത് പറഞ്ഞു. ഫ്ലൈറ്റ് ടിക്കറ്റ് കിട്ടാനില്ല. എന്നാലും കരിഞ്ഞന്തേന്ന് വാങ്ങിട്ടാണേലും ഞാൻ വരും. എനിക്കെന്റെ അമ്മേ കാണണം" 
അങ്ങനെ നീളുന്നു വിദ്യേടെ ഫോൺ വിളി.
വിഷ്ണു വിനോദിനെ ആണ് വിളിക്കുന്നേ. "ചേട്ടാ നമുക്ക് അമ്മേ വേറെ ഏതേലും സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ കൊണ്ടോവാം. തിരുവനന്തപുരത്തേക്ക് കൊണ്ടു വരാം."
"അതൊന്നും വേണ്ട. ഇവിടെ എല്ലാ സൗകര്യോം ഉണ്ട്". വിനോദ് പറഞ്ഞു.
സമയം പോയ്കൊണ്ടിരുന്നു. 10 മണി കഴിഞ്ഞപ്പോ ഡോക്ടർ വന്നു സ്കാനിങ്ങിന്റെ കാര്യം വിനോദിനോട് സംസാരിച്ചു. പെട്ടന്ന് നേഴ്സ് ഓടി വന്നു പറഞ്ഞു."പേഷ്യന്റിന് ബോധം വന്നു".
ഡോക്ടർ ചെല്ലുമ്പോ വിമലാമ്മ ഓക്സിജൻ മാസ്ക് ഒക്കെ മാറ്റി എഴുന്നേറ്റിരിക്കാണ്.
"ഞാൻ എവിടാ. എന്നെ ആരാ ഇങ്ങോട്ട് കൊണ്ടു വന്നത്"
"അമ്മ ഇപ്പൊ ഹോസ്പിറ്റലിൽ ആണ്. പേടിക്കണ്ട. ഒന്നും ഇല്ലാട്ടോ. മക്കളൊക്കെ പുറത്തുണ്ട്". ഡോക്ടർ പറഞ്ഞു.
"അല്ലേലും എനിക്കൊന്നും ഇല്ല. എന്റെ മക്കളെ ഇങ്ങു വിളിച്ചേ. അവരെന്തിനാ എന്നെ ഇവിടെ കൊണ്ടു വന്നേ"
ഡോക്ടർ വേഗം വിനോദിനേം രാധികേം അകത്തേക്ക് വിളിച്ചു. എഴുന്നേറ്റിരിക്കുന്ന അമ്മയെ കണ്ടപ്പോൾ തന്നെ അവർക്ക് സമാധാനമായി.
"നിങ്ങൾ എന്തിനാ എന്നെ ഇവിടെ കൊണ്ടുവന്നേ. എനിക്ക് എന്താ അസുഖം" 
"അമ്മ രാവിലെ വിളിച്ചിട്ട് ഉണരുന്നില്ലായിരുന്നു. ഞങ്ങൾ ആകെ പേടിച്ചു പോയി. അതാ ഇങ്ങോട്ട് കൊണ്ടു വന്നേ"
 "അയ്യോ പിള്ളേരെ ഞാൻ പറയാൻ മറന്നു. ഇന്നലെ ഞാൻ വൈദ്യനെ കാണാൻ പോയില്ലേ. ഉറക്ക കുറവിനു മരുന്ന് വാങ്ങാൻ."
 "ശരിയാണ്. അമ്മ ഇന്നലെ പോയിരുന്നു "
"വൈദ്യൻ എനിക്ക് മരുന്ന് തന്നിരുന്നു. അത് കഴിച്ചാൽ 12 മണിക്കൂർ സുഖായിട്ട് ഉറങ്ങും. വിളിച്ചാ പോലും എഴുന്നേൽക്കില്ല. മൂന്ന് ദിവസം കഴിച്ചാൽ പിന്നെ മരുന്നില്ലാതെ തന്നെ സാധാരണ ഉറക്കം കിട്ടൂന്ന വൈദ്യൻ പറഞ്ഞേ.
ഞാൻ ഇന്നലെ രാത്രി 10മണിക്ക് അതും കഴിച്ചോണ്ടാ കിടന്നേ. അതാ ഇന്ന് രാവിലെ 10മണിക്ക് ഞാൻ ഉണർന്നേ."
രാധികയും വിനോദും പരസ്പരം നോക്കി.
അപ്പോൾ ഡോക്ടർ വന്നു. അവരോട് പറഞ്ഞു "അമ്മക്ക് ഇപ്പൊ പ്രശ്നമൊന്നും ഇല്ല. സ്കാനിംഗ് കഴിഞ്ഞിട്ട് ബാക്കി നോക്കാം".
"എന്റെ പൊന്നു ഡോക്ടറെ ഞാൻ ഉറങ്ങി പോയതാ. അല്ലാതെ എനിക്ക് ഒരു കുഴപ്പോം ഇല്ല. എനിക്ക് വീട്ടിൽ പോയാ മതി. അമ്മിണി പശൂന് ഒന്നും കൊടുത്തിട്ടുണ്ടാവില്ല."
ഡോക്ടർ ആകെ കൺഫ്യൂസ്ഡ് ആയി. വിനോദ് അമ്മയെ ഡിസ്ചാർജ് ചെയ്തോളാൻ ഡോക്ടറോട് പറഞ്ഞു.
അങ്ങനെ ബില്ല് കിട്ടി.. 
ഇരുപത്തയ്യായിരം രൂപ.
ബില്ല് കണ്ട് വിനോദ് പറഞ്ഞു "അമ്മേടെ ഉറക്കത്തിന്റെ വില "
പിന്നെ രാധികയോട് വിദ്യയെ വിളിച്ചു വിവരം പറയാനും ഇങ്ങോട്ട് വരണ്ടാന്നും പറയാൻ പറഞ്ഞു. വീടെത്തി.. അന്ന് രാത്രി കിടക്കാൻ പോകുമ്പോ രാധിക അമ്മോട് ചോദിച്ചു.. "അമ്മേ ഇന്നും മരുന്ന് കഴിക്കുന്നുണ്ടോ."
വിമലാമ്മ "ഇല്ലേ..... ഉള്ള ഉറക്കം മതിയേ....".